“ബോലോ താരാ രാര..”; ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ വിജയാഘോഷം വൈറലാവുന്നു-വിഡിയോ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ വിജയിച്ചതോടെ വലിയ ആഘോഷത്തിലാണ് ആരാധകർ. അവസാന മത്സരത്തിലെ അനായാസ വിജയത്തിലൂടെയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 റൺസിന്റെ വിജയലക്ഷ്യം വെറും 19.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.
ഇപ്പോൾ പരമ്പര വിജയത്തിന് ശേഷമുള്ള താരങ്ങളുടെ വിജയാഘോഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നായകൻ കൂടിയായ ശിഖർ ധവാൻ നേതൃത്വം നൽകിയ നൃത്തമായിരുന്നു ആഘോഷരാവിന്റെ പ്രധാന ആകർഷണം. ധവാൻ തന്നെയാണ് നൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇന്ത്യൻ താരങ്ങളെല്ലാം നൃത്തത്തിൽ പങ്കെടുക്കുന്നുണ്ട്.
പരമ്പരയിൽ ഇന്ത്യയുടെ കോച്ച് ആയിരുന്ന വി.വി.വി എസ് ലക്ഷ്‌മൺ പിന്നീട് മറ്റൊരു വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ധവാൻ താരങ്ങളെ നൃത്തം പഠിപ്പിക്കുന്ന വിഡിയോയാണ് ഇത്. ഈ വിഡിയോയും ഇപ്പോൾ വൈറലാവുകയാണ്.
. @SDhawan25 leading the team not just on the field, but off the field as well.
— VVS Laxman (@VVSLaxman281) October 11, 2022
Brilliant camaraderie among the boys, great to watch. Bolo Tara Ra ra#INDvSA pic.twitter.com/BYqk14cXbd
Read More: സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; ധോണിയുടെ പിൻഗാമി തന്നെയെന്ന് ആരാധകർ-വിഡിയോ
അതേ സമയം അവസാന മത്സരത്തിൽ സഞ്ജു സാംസൺ എടുത്ത ഒരു ക്യാച്ച് നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. മത്സരത്തിൽ വിക്കറ്റ് കീപ്പറായി തിളങ്ങിയ താരം 16-ാം ഓവറില്‍ എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. സ്പിന്നർ ഷഹ്‍ബാസ് അഹമ്മദ് എറിഞ്ഞ പന്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റർ ഏയ്ഡന്‍ മാർക്രാമിനെ ആശയക്കുഴപ്പത്തിലാക്കി. താരത്തിന്റെ ബാറ്റിലുരസി പന്ത് വളരെ പെട്ടെന്ന് പിന്നിലേക്ക് കുതിച്ചു. വളരെ പെട്ടെന്ന് സഞ്ജു പന്ത് കൈയിലാക്കി. ഷാർപ്പ് ക്യാച്ച് എന്ന് കുറിച്ച് കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വിഡിയോ പങ്കുവെച്ചത്. സഞ്ജു ധോണിയെ അനുസ്‌മരിപ്പിക്കുന്നു എന്നാണ് നിരവധി ആരാധകർ അഭിപ്രായപ്പെട്ടത്.
Story Highlights: Indian team viral celebration dance