അട്ടിമറി തുടർക്കഥയാക്കി അയർലൻഡ്; ഇംഗ്ലണ്ടിനെ തകർത്തത് 5 റൺസിന്

October 26, 2022

വീണ്ടും മറ്റൊരു അട്ടിമറിയിലൂടെ വാർത്തകളിൽ നിറയുകയാണ് അയർലൻഡ് ടീം. 2011 ഇന്ത്യൻ ലോകകപ്പിലെ ചരിത്ര അട്ടിമറിയുടെ ഓർമ്മകളുമായി ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങിയ അയര്‍ലന്‍ഡ് ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 ൽ വമ്പൻ അട്ടിമറി സ്വന്തമാക്കി. അഞ്ച് റണ്‍സിനാണ് അയര്‍ലന്‍ഡിന്റെ വിജയം. മഴ നിയമത്തിന്‍റെ ബലത്തിലാണ് അയര്‍ലന്‍ഡ് വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്ത് നിൽക്കെ മഴയെത്തുകയായിരുന്നു. പിന്നീട് ഡക്‌വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിച്ച് അഞ്ച് റണ്‍സിന് അയര്‍ലന്‍ഡ് വിജയം കുറിച്ചു. ഇംഗ്ലണ്ടിനെതിരെ ഏത് പോരാട്ടത്തിലും നേടുന്ന വിജയം ആഘോഷങ്ങൾക്ക് അവസരമൊരുക്കുന്നതാണെന്ന് 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത പോരാട്ടത്തിലെ ഹീറോ കെവിൻ ഒബ്രെയിൻ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയിൽ നടന്നു കൊണ്ടിരിക്കുന്ന ടി 20 ലോകകപ്പ് മത്സരങ്ങൾക്ക് മഴ ഭീഷണിയാവുകയാണ്. ഈ ലോകകപ്പിലെ രണ്ടാമത്തെ മത്സരമാണ് മഴയിൽ മുങ്ങി പോകുന്നത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ബാല്‍ബിറിനും ചേര്‍ന്ന് നല്ല തുടക്കമാണ് നൽകിയത് മൂന്നാം ഓവറില്‍ സ്റ്റെര്‍ലിഗ് (8 പന്തില്‍ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവര്‍ പ്ലേയില്‍ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലെത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്. അവിടെ നിന്ന് കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ നഷ്ടമായ അയർലൻഡ് അവസാന 10 ഓവറിൽ 9 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 65 റൺസ് മാത്രമാണ് നേടിയത്.

Read More: ‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലോവില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിംഗ്സറ്റണ്‍ മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സാം കറന്‍ മൂന്നോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ ബട്ട്ലറിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വിജയ പ്രതീക്ഷയോടെ മുന്നേറുമ്പോഴാണ് മഴ ഇംഗ്ലണ്ടിനെ തകർക്കുന്നത്. തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

Story Highlights: Ireland defeats england by 5 runs