“തോൽവിയെ പോസിറ്റീവായി കാണുന്നു, മെച്ചപ്പെടും..”; എടികെയ്‌ക്കെതിരെയുള്ള തോൽവിയെ പറ്റി മനസ്സ് തുറന്ന് ഇവാൻ വുകോമനോവിച്ച്

October 18, 2022

ആദ്യ മത്സരത്തിൽ വമ്പൻ വിജയം നേടിയെങ്കിലും ചിര വൈരികളായ എടികെ മോഹൻ ബഗാനെതിരെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുൻപിലായിരുന്നു തോൽവിയെന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ നിരാശയാണ് നൽകിയത്.

എന്നാൽ തോൽവിയെ പോസിറ്റീവായി കാണുന്നുവെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നത്. ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും ആ ബോധ്യത്തിലാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോറ്റെങ്കിലും അടുത്ത മത്സരത്തിൽ ശക്തമായി ടീം തിരിച്ചു വരുമെന്ന് തന്നെയാണ് എടികെയ്‌ക്കെതിരെയുള്ള മത്സരം കാണാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഇവാനുമായുള്ള 24 ന്യൂസിന്റെ എക്‌സ്ക്ലൂസിവ് ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. ആരാധകർ ടീമിന്റെ ആവേശമാണെന്ന് പറയുന്ന ഇവാൻ അവർക്ക് വേണ്ടി കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്നതെന്നും കൂട്ടിച്ചേർത്തു. ഫുട്‌ബോളിൽ മാജിക്കുകളില്ലെന്നും കഠിനാധ്വാനമാണ് വിജയങ്ങൾ കൊണ്ട് തരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Read More: “ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. 

Story Highlights: Ivan vukomanovic about defeat against atk