“ആരാധകരുടെ ആരവം എതിരാളികളെ വിറപ്പിക്കും..” എടികെ മോഹന്‍ ബഗാനെതിരെയുള്ള മത്സരത്തെ പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവെച്ച് ഇവാൻ വുകോമനോവിച്ച്

October 15, 2022

നാളെയാണ് ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. എടികെ മോഹന്‍ ബഗാനാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിന് ആരാധകരുടെ വലിയ തിരക്കുണ്ടാവുമെന്ന് ഉറപ്പാണ്.

ഇപ്പോൾ മത്സരത്തെ പറ്റിയുള്ള ടീമിന്റെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് കോച്ച് ഇവാൻ വുകോമനോവിച്ച്. ആരാധകരുടെ ആരവം ബ്ലാസ്റ്റേഴ്സിന് വലിയ കരുത്ത് പകരുമെന്നാണ് ഇവാൻ പറയുന്നത്. ”ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ പകുതി എളുപ്പമല്ലെന്ന് അറിയാമായിരുന്നു. ആരാധകരുടെ ആരവം കൊച്ചിയിലെത്തുന്ന എതിരാളികള്‍ക്ക് നരകതുല്യ അനുഭവമാണുണ്ടാക്കുക. ബ്ലാസ്റ്റേഴ്‌സിന് അത് ഇരട്ടി ഊർജം പകരും. ജയിച്ച് തുടങ്ങിയെങ്കിലും ഇനിയുമേറെ പിഴവുകള്‍ പരിഹരിക്കാനുണ്ട്.” ഇവാൻ പറഞ്ഞു.

അതേ സമയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Read More: ഗൃഹാതുരമായ ഓർമ്മകളുണർത്തി ഒരു മനോഹര ചിത്രം; ‘ഇടം’ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മഞ്ഞപ്പടയുടെ ആരാധകർക്ക് തങ്ങളുടെ ടീമിന്റെ മത്സരം നേരിട്ട് കാണാൻ ഇത്തവണ അവസരമൊരുങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ആരാധകർ വലിയ ആവേശത്തിലാണ്. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

Story Highlights: Ivan vukomanovic about match with atk mohun bagan