പൊന്നിയിൻ സെൽവനിലെ നമ്പിയുടെ ആദ്യ ലുക്ക്; ചിത്രം പങ്കുവെച്ച് ജയറാം

October 15, 2022

മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ ലോകമെങ്ങും വമ്പൻ വിജയം നേടുമ്പോൾ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമും കൈയടി ഏറ്റുവാങ്ങുകയാണ്. ആഴ്വാര്‍കടിയാന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചത്. കഥാപാത്രത്തിന് വേണ്ടി അദ്ദേഹം ഏറെ പ്രശംസ ഏറ്റുവാങ്ങിയ ഒരു മേക്കോവറും നടത്തിയിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഗെറ്റപ്പുകള്‍ മണി രത്നവും സംഘവും തീരുമാനിച്ചത് ദീര്‍ഘനാള്‍ നീണ്ട റിസര്‍ച്ചിനു ശേഷമാണ്.

നിരവധി ഗെറ്റപ്പുകളും ലുക്കുകളും നമ്പിക്ക് വേണ്ടിയും പരീക്ഷിച്ചു നോക്കിയിരുന്നു. ഇപ്പോൾ ആഴ്വാര്‍കടിയാന്‍ നമ്പിക്ക് വേണ്ടി ആദ്യം പരീക്ഷിച്ചു നോക്കിയ ലുക്കുകളിൽ ഒന്ന് പുറത്തു വിട്ടിരിക്കുകയാണ് നടൻ ജയറാം. ക്ലീന്‍ ഷേവ് ചെയ്ത് കുടുമ ഒരു വശത്തേക്ക് കെട്ടിവച്ച ഗെറ്റപ്പ് ആണ് സിനിമയിലെ നമ്പിക്കെങ്കില്‍ ജയറാം പങ്കുവച്ചിരിക്കുന്ന ഗെറ്റപ്പ് തീര്‍ത്തും വ്യത്യസ്തമാണ്. താടിയും മീശയുമൊക്കെയുണ്ട് ഈ കഥാപാത്രത്തിന്.

അതേ സമയം ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ് പൊന്നിയിൻ സെൽവൻ. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയിരുന്നു. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം വമ്പൻ ഓപ്പണിങ് വീക്കെൻഡ് കളക്ഷനും നേടിയിരുന്നു. ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: കേക്കിൽ നടരാജനും ചിലങ്കയും- നവ്യ നായർക്ക് വേറിട്ടൊരു പിറന്നാൾ ആഘോഷം

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Jayaram shares first look of nambi