“അവിസ്മരണീയമായ ഈ ചിത്രം നഷ്ടപ്പെടുത്തരുത്..”; കാന്താരയെ പ്രശംസിച്ച് ജയസൂര്യ

October 28, 2022

മലയാളം അടക്കമുള്ള മറ്റ് ഭാഷകളിലും റിലീസിനെത്തിയതോടെ വലിയ പ്രശംസയാണ് ‘കാന്താര’ നേടുന്നത്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ചിത്രം നൽകിയ അവിസ്‌മരണീയമായ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ കാന്താരയെ പുകഴ്ത്തി നടൻ ജയസൂര്യ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ പ്രശംസിക്കുകയാണ് ജയസൂര്യ. കാന്താരയുടെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. “എന്തൊരു സിനിമ !!! എന്തൊരു പ്രകടനം !!! എന്തൊരു വിഷയം !!! നിങ്ങളുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു സുഹൃത്തേ. മുഴുവൻ കാന്താര ടീമിനും അഭിനന്ദനങ്ങൾ. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്” ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നേരത്തെ സൂപ്പർ ഹിറ്റായ കെജിഎഫ് 2 വിന്റെ വലിയൊരു റെക്കോർഡ് കാന്താര സ്വന്തമാക്കിയിരുന്നു. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ആയിരുന്നു ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

Read More: ‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാന്താര വലിയ ബോക്‌സോഫീസ്‌ വിജയമായി മാറിയിരിക്കുകയാണ്. നേരത്തെ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു. “കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Story Highlights: Jayasurya praise for kanthara