“ഋഷഭ് ഷെട്ടിയെ നമിക്കുന്നു, അവിശ്വനീയമായ അനുഭവം..”; കാന്താരയെ പുകഴ്ത്തി കങ്കണ റണൗട്ട്

October 22, 2022

ഈ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറുകയാണ് കാന്താര. കന്നഡയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടതിന് ശേഷം നടി കങ്കണ റണൗട്ട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. വലിയ പ്രശംസയാണ് താരം ചിത്രത്തിന് നൽകുന്നത്. താനിപ്പോഴും വിറയ്ക്കുകയാണെന്നും അവിശ്വസനീയമായ അനുഭവമാണ് ചിത്രം നൽകിയതെന്നും പറയുകയാണ് കങ്കണ. ചിത്രത്തിന്റെ സംവിധായകൻ ഋഷഭ് ഷെട്ടിയെ നമിക്കുന്നുവെന്നും കാന്താര നൽകിയ അനുഭവത്തിൽ നിന്ന് ഒരാഴ്ച്ച കഴിഞ്ഞാലും പുറത്തു കടക്കാൻ ആവുമോയെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു.

“കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read More: ‘വാടരുതേ എൻ ഉയിരേ..’- ഉള്ളുതൊട്ട് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയിലെ ഗാനം

നടൻ പൃഥ്വിരാജാണ് ചിത്രം മലയാളത്തിൽ എത്തിച്ചത്. കെജിഎഫിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ് തന്നെയാണ് കേരളത്തിൽ വിതരണം ചെയ്‌തത്. ഒക്ടോബർ 20 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്‌തത്.

Story Highlights: Kankana huge praise for kanthara