“കൊടും ക്രിമിനലാണവൻ, സൂക്ഷിക്കണം..”; ദുരൂഹതയുണർത്തി ആസിഫ് അലിയുടെ കൂമന്റെ ടീസറെത്തി

October 21, 2022

ജീത്തു ജോസഫ് ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കൂമൻ.’ ഒരു ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒരു കൊടും കുറ്റവാളിയെ പിടിക്കാൻ പൊലീസുകാർ നടത്തുന്ന പോരാട്ടമാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂമനിലൂടെ ആസിഫ് അലിയും ജീത്തു ജോസഫും ആദ്യമായി ഒന്നിക്കുകയാണ്. കേരള- തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദി നൈറ്റ് റൈഡർ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററുമൊക്കെ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു. കെ.ആർ കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം രഞ്ജി പണിക്കർ, ബാബുരാജ് എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേ സമയം റാമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ജീത്തു ജോസഫ് ചിത്രം. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു.

Read More: ‘കമലദളത്തിന്റെ സെറ്റിലായിരുന്നു ഇങ്ങനെ കരഞ്ഞിട്ടുള്ളത്..’- ‘റോഷാക്ക്’ സെറ്റിൽ കണ്ണീരോടെ ബിന്ദു പണിക്കർ

ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചു. മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Kooman teaser released