“ഒന്ന് പരീക്ഷിച്ചു നോക്കാമെന്ന് കരുതി, പ്ലാനിംഗ് ഇപ്പോഴത്തെ പോലെ അന്നുമില്ല..”; ആദ്യ ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റി മഞ്ജു വാര്യർ
മലയാളി പ്രേക്ഷകർ അടുത്ത വീട്ടിലെ കുട്ടിയെ പോലെ കണ്ട് സ്നേഹിക്കുന്ന താരമാണ് മഞ്ജു വാര്യർ. ഉത്രാടം ദിനത്തിൽ മഞ്ജു വാര്യർ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയിരുന്നു. പ്രേക്ഷകർക്ക് ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചിരുന്നു. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന ഒട്ടേറെ കാര്യങ്ങൾ താരം അറിവിന്റെ വേദിയുടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.
ഇപ്പോൾ ആദ്യ സിനിമയിൽ അഭിനയിച്ചതിനെ പറ്റി മഞ്ജു വേദിയിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. സംവിധായകൻ മോഹന്റെ 1995 ൽ റിലീസ് ചെയ്ത ‘സാക്ഷ്യം’ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സ്കൂൾ യുവജനോത്സവ വേദികളിൽ തിളങ്ങി നിന്ന മഞ്ജുവിന്റെ ചിത്രങ്ങൾ കണ്ട് സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു.
ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് മാത്രം കരുതിയാണ് അഭിനയിക്കാൻ വന്നതെന്ന് പറയുകയാണ് താരം. അതിന് ശേഷമാണ് ഏറെ ശ്രദ്ധേയമായ സല്ലാപത്തിലേക്ക് അഭിനയിക്കാൻ ക്ഷണം വരുന്നത്. അന്നും ഇന്നും താൻ പ്ലാനുകൾക്ക് അനുസരിച്ച് ജീവിക്കുന്ന ആളല്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.
Read More: മഞ്ജു വാര്യരെ കറക്കിയ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് വാക്ക്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവെച്ച് താരം
നേരത്തെ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ താരം അറിവിന്റെ വേദിയിൽ പങ്കുവെച്ചിരുന്നു. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ടെന്നാണ് മഞ്ജു വാര്യർ പറയുന്നത്. അദ്ദേഹം കൂടെ അഭിനയിക്കുന്നവരെ ഏറെ സഹായിക്കുമെങ്കിലും ഇത്രയും വലിയ ഒരു ലെജന്റിന്റെ കൂടെയാണ് താൻ അഭിനയിക്കുന്നതെന്ന ചിന്ത പലപ്പോഴും തനിക്ക് ഉള്ളിലൊരു പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ അദ്ദേഹം കൂടെയുള്ള അഭിനേതാക്കളെ വളരെ കൂളാക്കുമെന്നും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും നമുക്ക് ആ പേടിയൊക്കെ മാറുമെന്നും മഞ്ജു കൂട്ടിച്ചേർത്തു.
Story Highlights: Manju warrier about her first film