മോൺസ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു; ചിത്രം ഒക്ടോബർ 21 ന് തിയേറ്ററുകളിൽ

October 17, 2022

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥ രചിച്ച ഉദയകൃഷ്‌ണ തന്നെയാണ് മോൺസ്റ്ററിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ബുക്ക് മൈ ഷോയിലൂടെ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ്-ഉദയകൃഷ്‌ണ എന്നിവർ ഒരുമിക്കുന്ന ചിത്രം തിയേറ്ററുകളെ ആവേശത്തിലാക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെന്ന് മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരുന്നു. നിഗൂഡതയുണർത്തുന്ന കഥാപശ്ചാത്തലമാണ് ചിത്രത്തിനുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വ്യത്യസ്‌തമായ ഗെറ്റപ്പുള്ള ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്.

Read More: “ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

അതേ സമയം ജീത്തു ജോസഫിന്റെ റാമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കൊണ്ടിരിക്കുകയാണ്.

Story Highlights: Monster ticket booking started