മോഹൻലാലിൻറെ ‘മോൺസ്റ്റർ;’ വമ്പൻ പ്രഖ്യാപനവുമായി താരം…

October 7, 2022

പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ്-ഉദയ്‌കൃഷ്‌ണ എന്നിവർ ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ മോൺസ്റ്ററിനെ പറ്റി വാനോളം പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് ഏറെ ആശങ്കകൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒക്ടോബർ 21 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു.

എന്നാലിപ്പോൾ ചിത്രത്തെ പറ്റിയുള്ള മറ്റൊരു വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മോൺസ്റ്ററിന്റെ ട്രെയ്‌ലർ റിലീസിനൊരുങ്ങുന്നുവെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 9 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. “ഡെവിളിനെ കാണാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. മോൺസ്റ്ററിന്റെ ഔദ്യോഗിക ട്രെയിലർ ഈ ഞായറാഴ്ച പുറത്തിറങ്ങുമെന്നതിനാൽ അതീവ ജാഗ്രതയോടെ തുടരുക” ട്രെയ്‌ലറിന്റെ റീലീസ് തീയതി അറിയിച്ചു കൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേ സമയം ജീത്തു ജോസഫിന്റെ റാമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു.

Read More: പൊന്നിൻ തിളക്കവുമായി ‘പൊന്നിയിൻ സെൽവൻ’- വിജയക്കുതിപ്പിൽ സക്‌സസ് പ്രൊമോ പുറത്തുവിട്ടു

ജീത്തു ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്. സിനിമയുടെ ഒരു പോസ്റ്ററും സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചു. മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Monster update shared by mohanlal