പൊന്നിൻ തിളക്കവുമായി ‘പൊന്നിയിൻ സെൽവൻ’- വിജയക്കുതിപ്പിൽ സക്‌സസ് പ്രൊമോ പുറത്തുവിട്ടു

October 7, 2022

ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, തൃഷ കൃഷ്ണൻ, ജയം രവി, കാർത്തി എന്നിവർ പ്രാധാന വേഷത്തിൽ എത്തിയ ‘പൊന്നിയിൻ സെൽവൻ: 1’ എന്ന തമിഴ് ഇതിഹാസ ആക്ഷൻ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ട് ലോകമെമ്പാടുമായി 300 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്.

അന്തരിച്ച എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ 1955-ലെ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രം 300 കോടി കടന്നതായും തമിഴ്‌നാട്ടിൽ മാത്രം 100 കോടി കടന്നതായും വിവിധ റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ഒരു പ്രൊമോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘PS:1’ എന്നും അറിയപ്പെടുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സെപ്റ്റംബർ 30-ന് പുറത്തിറങ്ങി. ഐമാക്സ് ഫോർമാറ്റിൽ പുറത്തിറങ്ങുന്ന ആദ്യ തമിഴ് ചിത്രമാണിത്. ചിത്രം ലോകമെമ്പാടും മികച്ച അഭിപ്രായം നേടുമ്പോൾ ഇനിയുള്ളത് 600 കോടി ഗ്രോസ് പിന്നിട്ട രണ്ട് ചിത്രങ്ങളായ ‘ആർആർആർ’, ‘കെജിഎഫ്: ചാപ്റ്റർ 2’ എന്നിവയെ മറികടക്കണമെന്നതാണ്.

Read Also: വിറ്റത് 2 കോടി രൂപയ്ക്ക്; ഇത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാട്

പീരിയഡ് ഡ്രാമയായ സിനിമയിൽ ചോള ചക്രവർത്തിയായ രാജരാജ ഒന്നാമന്റെ ആദ്യകാലങ്ങൾ വിവരിക്കുന്നു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം 500 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണം 2019 ഡിസംബർ 11 ന് ആരംഭിച്ചിരുന്നു. 150 ദിവസങ്ങൾ കൊണ്ടാണ് മുഴുവൻ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.

Story highlights- ponniyin selvan 1 success teaser