“അവിശ്വസനീയമായ അനുഭവം, രണ്ട് തവണ കണ്ടു..”; കാന്താരയെ പ്രശംസിച്ച് പ്രഭാസ്

October 15, 2022

പ്രേക്ഷകർക്ക് അസാധാരണമായ ഒരു തിയേറ്റർ അനുഭവമാണ് കന്നഡ ചിത്രം കാന്താര നൽകുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്‌ത്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ പ്രശംസയാണ് ഇന്ത്യ ഒട്ടാകെ നേടിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ കന്നഡയിൽ മാത്രം ആദ്യം റിലീസ് ചെയ്‌ത ചിത്രം ഇപ്പോൾ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്. മലയാളം, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

ഇപ്പോൾ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു.

“കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അതേ സമയം കാന്താരയുടെ മലയാളം പതിപ്പിന്റെ റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ പൃഥ്വിരാജാണ് ചിത്രം മലയാളത്തിൽ എത്തിക്കുന്നത്. കെജിഎഫിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ് തന്നെയാണ് കേരളത്തിൽ വിതരണം ചെയ്‌തത്. ഒക്ടോബർ 20 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

Read More: “പെയിന്റിങ്ങുമായി ഒതുങ്ങി കൂടാമെന്ന് കരുതി, അപ്പോഴാണ് മമ്മൂക്കയുടെ വിളി വരുന്നത്..”; റോഷാക്കിൽ അഭിനയിക്കാൻ എത്തിയതിനെ പറ്റി കോട്ടയം നസീർ

ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് കന്നഡ സിനിമ ലോകം. നേരത്തെ കെജിഎഫ് ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നും വലിയ പ്രശംസ ഏറ്റുവാങ്ങിയ സാൻഡൽവുഡ് ഇപ്പോൾ കാന്താരയിലൂടെ വീണ്ടും ചർച്ചാവിഷയമാവുകയാണ്.

Story Highlights: Prabhas praises kanthara