ബോക്സോഫീസിൽ തരംഗമായി റോഷാക്ക്; മറ്റൊരു ബിഹൈൻഡ് ദി സീൻ വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

October 18, 2022

ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്.’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികളെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെ എത്തിക്കുകയാണ് ചിത്രം.

ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു മേക്കിങ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിസാം ബഷീർ സംവിധാനം ചെയ്‌ത ചിത്രം ഇതിനകം 34 കോടി ബോക്സോഫീസിൽ നിന്ന് നേടിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വലിയ കൈയടിയാണ് മമ്മൂട്ടി, ബിന്ദു പണിക്കർ അടക്കമുള്ള ചിത്രത്തിലെ താരങ്ങളുടെ അഭിനയത്തിന് ലഭിക്കുന്നത്.

നേരത്തെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അബുദാബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്റെ അഭിനയത്തേയും പ്രശംസിച്ച് സംസാരിച്ചത്.

Read More: ‘ആർആർആർ’ സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ജാപ്പനീസ് നർത്തകർ- വിഡിയോ

“ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് ആസിഫ് അലിയോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം ശരീരത്തിന് അപ്പുറത്തേക്ക്. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം. ഒന്നുകൂടി. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോ​ഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കൈയടി കൂടി” മമ്മൂട്ടി പറഞ്ഞു.

Story Highlights: Rorschach behind the scene video released