മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ പകർന്നാട്ടം; റോഷാക്കിലെ ടൈറ്റിൽ ഗാനം റിലീസ് ചെയ്‌തു

October 26, 2022

സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇപ്പോൾ ചിത്രത്തിലെ ടൈറ്റിൽ ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ്. ‘ഇന്‍ മൈ ആംസ്’ എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് ഗാനം എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എസ് എ ആണ്. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. നടൻ മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രമായുള്ള പകർന്നാട്ടവും നിസാം ബഷീർ എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളുമാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്നത്.

അതേ സമയം തിയേറ്ററുകളിൽ വിജയകരമായി 20 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് റോഷാക്ക്. മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ നിവിൻ പോളിയുടെ ‘പടവെട്ട്’ തുടങ്ങിയ ചിത്രങ്ങളൊക്കെ പ്രദർശനത്തിനെത്തിയിട്ടും റോഷാക്കിന്റെ ബോക്സോഫീസ് തേരോട്ടത്തിന് ഇളക്കം തട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടൻ മമ്മൂട്ടി തന്നെയാണ് ചിത്രം 20 ദിവസങ്ങൾ പൂർത്തിയാക്കിയ വിവരം ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

Read More: ‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ നിരവധി മേക്കിങ് വിഡിയോകളും ലൊക്കേഷൻ വിഡിയോകളുമൊക്കെ ശ്രദ്ധേയമായി മാറിയിരുന്നു. നിസാം ബഷീർ ഒരുക്കിയ ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസയ്‌ക്കൊപ്പം ബോക്സോഫീസിൽ നിന്നും ചിത്രം മികച്ച കളക്ഷൻ നേടിയിട്ടുണ്ട്.

Story Highlights: Rorschach title song released