അനശ്വര ഗായകൻ കിഷോർ കുമാറിന്റെ ആഡംബര ബംഗ്ളാവ് സ്വന്തമാക്കി വിരാട് കോലി- ‘ഗൗരി കുഞ്ച്’ ഇനി റെസ്റ്റോറന്റ്

October 7, 2022

ബോളിവുഡ് സിനിമയുടെയും ക്രിക്കറ്റിന്റെയും ആരാധകർക്ക് മുംബൈയിൽ ഇനി നല്ല ഭക്ഷണവും സംഗീതവും ക്രിക്കറ്റും ഒരുമിച്ച് ആസ്വദിക്കാം. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ പുതിയ റസ്റോറന്റ്റ് മുംബൈയിൽ പ്രവർത്തനമാരംഭിച്ചു. ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ പഴയ ബംഗ്ലാവ് ‘ഗൗരി കുഞ്ച്’ വിരാട് കോലി സ്വന്തമാക്കിയിരുന്നു. ഒരു കുടക്കീഴിൽ പാചകവും ക്രിക്കറ്റും സിനിമയും ആസ്വദിക്കാൻ കഴിയുന്ന ഒരു ഗംഭീര റെസ്റ്റോറന്റാക്കി ‘ഗൗരി കുഞ്ച്’ മാറ്റിയിരിക്കുകയാണ് വിരാട് കോലി.

അന്തരിച്ച മഹാനായ ഗായകൻ കിഷോർ കുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ഗൗരികുഞ്ച്’ ഇനി ‘വൺ8 കമ്മ്യൂൺ’ എന്നറിയപ്പെടും. മുംബൈയിലെ ജുഹുവിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. നടനും അവതാരകനുമായ മനീഷ് പോളിന്റെ വിഡിയോയിലൂടെ വിരാട് കോലി തന്റെ പുതിയ സംരംഭത്തിന്റെ ഒരു ദൃശ്യം ആരാധകർക്ക് നൽകി. വിഡിയോയിൽ, മനീഷും വിരാടും തങ്ങളുടെ തനതായ ഭക്ഷണ കഥകൾ പങ്കിടുന്നത് കാണാം. ‘വൺ8 കമ്യൂൺ’ എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

Read Also: 2011-ൽ ജപ്പാനിലെ സുനാമിക്ക് ശേഷം കാണാതായ ഭാര്യയുടെ മൃതദേഹം തേടി എല്ലാ ആഴ്ചയും ആഴക്കടലിലേക്ക് പോകുന്ന ഭർത്താവ്!

കിഷോർ കുമാറിന്റെ വലിയ ആരാധകനാണ് വിരാട് കോലി. കിഷോർ കുമാറിന്റെ “മേരേ മെഹബൂബ് ഖയാമത്ത് ഹോഗി” എന്ന ജനപ്രിയ ഗാനവും വിരാട് കോലി ആലപിക്കുന്നുണ്ട്. അതേസമയം, ‘വൺ8 കമ്യൂൺ’ എന്നത് വിരാട് കോലിയുടെ വലിയൊരു ഭക്ഷണ ശൃംഖലയാണ്. ഇന്ത്യയിൽ നിരവധി ബ്രാഞ്ചുകൾ ഇതിനുണ്ട്.

Story highlights- virat kohli’s new restaurant