“മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്സിക്കൻ നായകൻ
ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായത്. മെക്സിക്കോയുമായുള്ള മത്സരത്തിലെ വിജയത്തിന് ശേഷം ഡ്രസിങ് റൂമിൽ നടന്ന ആഘോഷത്തിൽ മെസ്സി മെക്സിക്കോ താരത്തിന്റെ ജേഴ്സി താഴേയിട്ട് ചവിട്ടി എന്നായിരുന്നു താരത്തിനെതിരെ ഉയർന്ന ആരോപണം. മെക്സിക്കൻ ബോക്സർ കനേലോ അൽവാരസാണ് മെസ്സിക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്.
എന്നാൽ ഈ വിവാദത്തിൽ ഇപ്പോൾ മെസ്സിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മെക്സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ. താരത്തിന്റെ ജേഴ്സിയാണ് മത്സരശേഷം മെസിയുടെ കയ്യിൽ ഉണ്ടായിരുന്നത്. മെസ്സി അങ്ങനെ ചെയ്യുന്ന ഒരാളല്ലെന്നാണ് താരം പറയുന്നത്. നനഞ്ഞ ജേഴ്സി നിലത്തിടുന്നത് ഡ്രസിങ് റൂമിൽ പതിവാണെന്നും ഇതിനെ പറ്റി അറിയാത്തത് കൊണ്ടാണ് കനേലോ വിവാദം ഉണ്ടാക്കുന്നതെന്നും ഗുര്‍ഡാഡോ കൂട്ടിച്ചേർത്തു.
Andrés Guardado of Mexico: “I know the person Messi is. It’s a deal with the staff that when it’s all sweaty, it gets left on the floor. Be it your jersey or rival. Canelo doesn’t know what a dressing room is. It seems silly to me. That shirt was mine, I exchanged it with Leo…” pic.twitter.com/j5QE9MA3lO
— Roy Nemer (@RoyNemer) November 29, 2022
അതേ സമയം രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് മെക്സിക്കോയെ തകർത്തത്. ഇതോടെ ടീമിന് പുതുജീവനാണ് ലഭിച്ചിരിക്കുന്നത്. ലയണൽ മെസ്സി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസ്സിയുടെ എട്ടാം ഗോളാണിത്. ഈ ഗോളോടെ തുടര്‍ച്ചയായ ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസ്സിയ്ക്ക് സാധിച്ചു.
ആദ്യ പകുതിയിൽ കരുത്തുറ്റ മെക്സിക്കൻ പ്രതിരോധ മതിൽ തകർക്കാൻ കഴിയാതെ നിന്ന മെസ്സിയും സംഘവും രണ്ടാം പകുതിയിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. കളിയുടെ 64 ആം മിനിറ്റ് വരെ വേണ്ടി വന്നു മെക്സിക്കൻ മതിൽ തകരാൻ. സാക്ഷാൽ മെസ്സി തന്നെയാണ് ഒച്ചാവോ എന്ന വിശ്വസ്തനായ ഗോൾകീപ്പർ കാക്കുന്ന മെക്സിക്കൻ വല കുലുക്കിയത്. വലതുവിങ്ങിൽ നിന്ന് ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. നിശ്ചിത സമയം അവസാനിപ്പിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ലീഡുയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായിരുന്നു അർജന്റീനയുടേയും മെക്സിക്കോയുടേയും കളി. എന്നാൽ ആക്രമണത്തിൽ മുൻതൂക്കം മെക്സിക്കോയ്ക്കായിരുന്നു. രാത്രി 12.30 ന് പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന മത്സരം.
Story Highlights: Andres Guardado defends lionel messi