‘എമ്പുരാന്‍ ലോഡിംഗ് സൂണ്‍..’; മോഹൻലാൽ പൃഥ്വിരാജ് എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആൻറണി പെരുമ്പാവൂർ

November 8, 2022

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ‘ലൂസിഫർ.’ മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം നേടിയ ചിത്രം ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടിയ സിനിമ കൂടിയാണ്. ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാവുമെന്ന് പൃഥ്വിരാജ് സ്ഥിരീകരിച്ചിരുന്നു. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നേരത്തെ തന്നെ നടന്നിരുന്നു.

എന്നാലിപ്പോൾ ചിത്രത്തെ പറ്റിയുള്ള ഒരു പുതിയ അപ്ഡേറ്റാണ് പ്രേക്ഷകർക്ക് ആവേശമാവുന്നത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്കൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ. എമ്പുരാന്‍ ലോഡിംഗ് സൂണ്‍ എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലിൻറെ ദുബായിലെ താമസസ്ഥലത്ത് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് അദ്ദേഹത്തെ കാണാനെത്തിയിരുന്നു. അതിന് ശേഷം എമ്പുരാന്റെ തിരക്കഥയുടെ ഒരു പേജ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read More: വീണ്ടും സേനാപതിയായി കമൽ ഹാസൻ- ഫസ്റ്റ്ലുക്ക് പോസ്റ്റർ

2019-ൽ തിയേറ്ററുകളിലെത്തിയ ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ചിത്രമാണ്. 250 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തെലുങ്ക് റീമക്ക് നേരത്തെ റിലീസ് ചെയ്‌തിരുന്നു. മെഗാ താരം ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാൽ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘ഗോഡ്ഫാദർ’ എന്ന ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story Highlights: Antony perumpavoor new update about empuraan