മിശിഹായുടെ അർജന്റീന ഇന്നിറങ്ങുന്നു; മത്സരം അൽപസമയത്തിനകം

November 22, 2022

സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീന ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുകയാണ്. സൗദി അറേബ്യയ്ക്കെതിരെയുള്ള മത്സരം 3.30 നാണ് നടക്കുന്നത്. കേരളത്തിലടക്കം ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ വലിയ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്.

ടീമിന്റെ നായകൻ ലയണൽ മെസി തന്നെയാണ്. എന്നാൽ കോപ്പ അമേരിക്കയിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ജിയോവാനി ലോസെൽസോ ടീമിലില്ല. പരിക്ക് കാരണമാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നത്. എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ അടക്കമുള്ള പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ലോസെല്‍സോക്ക് പകരം ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീൽഡര്‍ എസക്വീൽ പലാസിയോക്ക് കോച്ച് ലയണൽ സ്കലോനി ടീമില്‍ ഇടം നല്‍കി. എമിലിയാനോ മാര്‍ട്ടിനെസ് തന്നെയാണ് ടീമിന്‍റെ പ്രധാന ഗോള്‍ കീപ്പര്‍.

അതേ സമയം ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് നായകൻ ലയണൽ മെസി നേരത്തെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനൽ ഇന്റർവ്യൂവിൽ ഇത് സംബന്ധിച്ച് മെസി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

“ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.

Story Highlights: Argentina first match today