അർജന്റീനയ്ക്ക് ഇന്ന് ജയിച്ചേ തീരൂ; മെക്സിക്കോയ്‌ക്കെതിരെയുള്ള മത്സരം രാത്രി 12.30 ന്

November 26, 2022

ജീവന്മരണ പോരാട്ടത്തിനാണ് അർജന്റീന ഇന്നിറങ്ങുന്നത്. മെക്സിക്കോയ്‌ക്കെതിരെയുള്ള മത്സരം നീലപ്പടയ്ക്ക് ജയിച്ചേ തീരൂ. സമനില പോലും ടീമിന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. നിലവിൽ ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനമാണ് ടീമിനുള്ളത്. അതിനാൽ പൊരുതാനുറച്ച് തന്നെയാണ് മെസ്സിയും കൂട്ടരും ഇന്നിറങ്ങുന്നത്. ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം രാത്രി 12.30 നാണ്.

കഴിഞ്ഞ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ ഇറങ്ങിയ ടീമിൽ ചില മാറ്റങ്ങളുമായാണ് അർജന്റീന ഇന്നിറങ്ങുന്നത്. എന്നാൽ ടീമിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന വാർത്ത കോച്ച് സ്‌കലോണി നിഷേധിച്ചു. ടീമിന്റെ കളിശൈലിയിൽ യാതൊരു മാറ്റവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെസ്സി ഉൾപ്പെടെ ചില താരങ്ങൾക്ക് പൂർണമായ ഫിറ്റ്‌നസില്ലെന്ന വാർത്തകളും അദ്ദേഹം തള്ളി. മാനസികമായും ശാരീരികമായും തയാറെടുത്ത് ടീം വിജയത്തിനായി കഠിനാധ്വാനം ചെയ്യുമെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.

നേരത്തെ സൗദിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ദയനീയ പരാജയമാണ് അർജന്റീന ഏറ്റുവാങ്ങിയത്. മെസ്സിയുടെ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ തോൽപിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയിലൂടെ അർജന്റീന തന്നെയാണ് മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കിയതോടെ സൗദി അട്ടിമറി വിജയം നേടുകയായിരുന്നു.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

അതേ സമയം ആദ്യ മത്സരത്തിൽ സമനില നേടിയിരുന്നെങ്കിൽ പോലും ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽക്കാതെ മുന്നേറിയ ഇറ്റലിയുടെ റെക്കോർഡിനൊപ്പം എത്താനുള്ള സുവർണാവസരമാണ് അർജന്റീന കൈവിട്ടത്. 37 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഇറ്റലി കുതിച്ചത്. സൗദിയോട് ദയനീയമായി പരാജയപ്പെട്ടതോട് കൂടി അർജന്റീനയ്ക്ക് ഈ റെക്കോർഡ് നേടാനുള്ള അവസരം നഷ്ടമാവുകയായിരുന്നു.

Story Highlights: Argentina-mexico match at 12.30 am