ദൃശ്യവിസ്മയമൊരുക്കി അവതാർ 2 വിന്റെ ട്രെയ്‌ലർ എത്തി; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക്

November 3, 2022

ലോക സിനിമ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അവതാറിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. പണ്ടോറ എന്ന അത്ഭുത ലോകവും ദൃശ്യവിസ്‌മയമൊരുക്കിയ കഥാലോകവും വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയാണ്. ഇത്തവണ കടലിനടിയിലെ അത്ഭുത ലോകത്തേക്കാണ് സംവിധായകൻ ജെയിംസ് കാമറൂൺ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16-നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. കടലിനടിയിലെ ലോകത്തിന്റെ മികച്ച ദൃശ്യാവിഷ്ക്കരമാണ് ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനാൽ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. 2012 ൽ തന്നെ ചിത്രത്തിന് തുടർ ഭാഗങ്ങളുണ്ടാവുമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിന് ശേഷം മൂന്നും നാലും അഞ്ചും ഭാഗങ്ങളും വരുന്ന വർഷങ്ങളിൽ റിലീസ് ചെയ്യുമെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

അതേ സമയം ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബറോസിന്റെ ട്രെയ്‌ലർ അവതാർ 2 വിനോപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നടനും സംവിധായകനുമായ മോഹൻലാൽ പറഞ്ഞിരുന്നു. എഡിറ്റിംഗ് പൂർത്തിയായ ചിത്രത്തിന്റെ സ്പെഷ്യൽ ഇഫക്‌ട്സാണ് ഇനി ചെയ്യാനുള്ളതെന്നും മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Read More: ‘ചെന്നൈയിൽ ചെന്നാൽ രൺവീർ സിംഗ്, മുംബൈയിൽ പോയാൽ രൺബീർ കപൂർ; സച്ചിന്റെ കാര്യം എനിക്കറിയില്ലാരുന്നു’- രസികൻ വെളിപ്പെടുത്തലുമായി ശിവാംഗി കൃഷ്ണകുമാർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ മലയാളികളുടെ അഭിമാന താരം മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. ബറോസിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‌ത ജിജോയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

Story Highlights: Avatar 2 trailer released