ബറോസിന്റെ ട്രെയ്‌ലർ അവതാർ 2 വിനൊപ്പം; പ്രതീക്ഷകൾ പങ്കുവെച്ച് മോഹൻലാൽ

November 2, 2022

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ മലയാളികളുടെ അഭിമാന താരം മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. ബറോസിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‌ത ജിജോയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്ത് തന്നെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ലോക സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അവതാർ 2 വിനൊപ്പം ട്രെയ്‌ലർ റിലീസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. എഡിറ്റിംഗ് പൂർത്തിയായ ചിത്രത്തിന്റെ സ്പെഷ്യൽ ഇഫക്‌ട്സാണ് ഇനി ചെയ്യാനുള്ളതെന്നും മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

അതേ സമയം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മോഹൻലാലിൻറെ മോൺസ്റ്റർ. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നാണ് പ്രേക്ഷകർ പറയുന്നത്. ഫീൽ ഗുഡ് മൂഡിൽ മുന്നോട്ട് നീങ്ങുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. നടൻ മോഹൻലാലിൻറെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Read More: ‘ചെന്നൈയിൽ ചെന്നാൽ രൺവീർ സിംഗ്, മുംബൈയിൽ പോയാൽ രൺബീർ കപൂർ; സച്ചിന്റെ കാര്യം എനിക്കറിയില്ലാരുന്നു’- രസികൻ വെളിപ്പെടുത്തലുമായി ശിവാംഗി കൃഷ്ണകുമാർ

മോഹൻലാലിനൊപ്പം ഹണി റോസ്, ലക്ഷ്‍മി മഞ്ജു, സുദേവ് നായർ തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. നേരത്തെ മോൺസ്റ്റർ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തനിക്ക് നൽകിയതെന്ന് നടി ഹണി റോസ് പറഞ്ഞിരുന്നു.

Story Highlights: Barroz trailer releasing with avatar 2