കഴിഞ്ഞ സീസണിലെ കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; ഹൈദരാബാദിനെതിരെയുള്ള മത്സരം 7.30 ന്

കഴിഞ്ഞ സീസണിലെ ഫൈനൽ മത്സരത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിന് പകരം വീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കൊമ്പന്മാരുടെ ഇന്നത്തെ മത്സരം. ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നില്ല. ഗച്ചിബൗളി സ്റ്റേഡിയത്തിൽ 7.30 നാണ് മത്സരം തുടങ്ങുന്നത്.
കഴിഞ്ഞ സീസണിലെ ഫൈനലിൽ വലിയ പ്രതീക്ഷയോടെ ഹൈദരാബാദ് എഫ്സിയെ നേരിടാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്സി കന്നിക്കിരീടം നേടുകയായിരുന്നു.
കിരീടം നേടാനായില്ലെങ്കിലും പൊരുതി തന്നെയാണ് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. തുടക്കം മുതൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആദ്യം ലീഡെടുത്തത്. മലയാളി കൂടിയായ കെ പി രാഹുലിന്റെ അതിമനോഹരമായ ഒരു ഗോൾ ഹൈദരാബാദിന്റെ ഗോൾ വല തുളഞ്ഞാണ് കയറിയത്. പിന്നീടും മത്സരത്തിലുടനീളം ഗംഭീര പ്രകടനം നടത്തിയ കേരളം കിരീടത്തിലേക്ക് അടുക്കുന്നു എന്ന സൂചന തന്നെയാണ് നൽകിയത്.
Read More: ഇത്തവണ വനിതകളുടെ വിസിൽ മുഴങ്ങും; ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരം നിയന്ത്രിക്കാൻ വനിത റഫറിമാർ
എന്നാൽ കളി തീരാൻ രണ്ട് മിനുട്ട് ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് സാഹിൽ ടാവോറയിലൂടെ ഗോൾ മടക്കി ഹൈദരാബാദ് സമനില നേടി. അധിക സമയത്തേക്ക് നീണ്ട കളിയിൽ പിന്നീട രണ്ട് ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. അതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയ്ക്ക് മുൻപിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് വീഴുകയായിരുന്നു.
Story Highlights: Blasters vs hyderabad today