സുൽത്താനും മഞ്ഞപ്പടയും ഇറങ്ങുന്നു; ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന്റെ ആദ്യ മത്സരം സെർബിയയ്ക്കെതിരെ 12.30 ന്
20 വർഷങ്ങൾക്ക് ശേഷം കാൽപന്ത് കളിയുടെ ലോക കിരീടം തിരികെ കൊണ്ട് പോവാനാണ് കാനറി പട ഖത്തറിലെത്തിയിരിക്കുന്നത്. സുൽത്താൻ നെയ്മറിന് ബ്രസീലിനായി കപ്പ് നേടാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് ആദ്യ മത്സരത്തിൽ നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം.
ആറാം ലോക കിരീടം ലക്ഷ്യമിട്ടാണ് ബ്രസീൽ ലോകകപ്പിനെത്തിയിരിക്കുന്നത്. 2002 ലാണ് കാനറിപ്പട അവസാനമായി ലോകകിരീടത്തിൽ മുത്തമിട്ടത്. ഫിഫ റാങ്കിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമീനോയുടെ അഭാവം ഒഴിച്ചാൽ ബ്രസീൽ നിര സുശക്തമാണ്. സ്ക്വാഡിൽ 16 പേർക്കും ആദ്യ ലോകകപ്പാണ് ഇത്. കഴിഞ്ഞ 15 മത്സരങ്ങളായി തോൽവി അറിയാത്ത ബ്രസീൽ 2021 കോപ്പ ഫൈനലിൽ അർജൻ്റീനയ്ക്കെതിരെയാണ് അവസാനമായി പരാജയപ്പെട്ടത്. 2018 ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരായ പരാജയത്തിനു ശേഷം കളിച്ച 50 മത്സരങ്ങളിൽ 37 എണ്ണവും ബ്രസീൽ വിജയിച്ചു. നെയ്മർ, അലിസൺ, കാസമിറോ, വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ തുടങ്ങി മികച്ച താരങ്ങളുടെ ഒരു നിരയുമായാണ് ബ്രസീൽ ഇറങ്ങുന്നത്.
അതേ സമയം കരുതലോടെയാണ് ബ്രസീൽ ഇന്നിറങ്ങുന്നത്. സെർബിയ അത്ര നിസ്സരക്കാരല്ല എന്ന് ടിറ്റെയുടെ ശിഷ്യന്മാർക്ക് അറിയാം. പോർച്ചുഗലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനക്കാരായാണ് സെർബിയ ലോകകപ്പ് യോഗ്യത നേടിയത്. യുവേഫ നേഷൻസ് ലീഗിലും സെർബിയ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതാണ്. ഈ ലോകകപ്പ് വമ്പൻ അട്ടിമറികളുടേത് കൂടിയായി മാറിയിരിക്കുകയാണ്. സൗദി അറേബ്യ കരുത്തരായ അർജന്റീനയെ മുട്ടുകുത്തിച്ചപ്പോൾ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്ക് ജപ്പാന് മുൻപിൽ അടിയറവ് പറയേണ്ടി വന്നു.
Story Highlights: Brazil first match against serbia