‘വന്നു, കണ്ടു, പോയി..’; സെക്കൻഡുകൾ മാത്രം നീണ്ടു നിന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പത്രസമ്മേളനം
മികച്ച പോരാട്ടവീര്യമാണ് ഇന്നലത്തെ മത്സരത്തിൽ ഘാന കാഴ്ച്ചവെച്ചതെങ്കിലും ഒടുവിൽ വിജയം പോർച്ചുഗലിനൊപ്പം നിന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ഘാനയെ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. പെനാൽറ്റിയിലൂടെയാണ് താരം ഗോൾ അടിച്ചത്. ഇതോടെ 5 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
മത്സരശേഷമുള്ള ക്രിസ്റ്റ്യാനോയുടെ പത്രസമ്മേളനമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വെറും 132 സെക്കൻഡുകൾ മാത്രം നീണ്ടു നിന്ന പത്രസമ്മേളനത്തിൽ രണ്ട് ചോദ്യങ്ങൾക്ക് മാത്രമാണ് താരം മറുപടി പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പറ്റി ചോദ്യങ്ങൾ ഉയർന്നതോടെയാണ് താരം പത്രസമ്മേളനം നിർത്തി വെച്ച് തിരികെ പോയത്. ഘാനയ്ക്കെതിരെയുള്ള മത്സരത്തിന്റെ തലേന്ന് ക്രിസ്റ്റ്യാനോ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കിയിരുന്നു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയതോട് കൂടിയാണ് താരം ഇന്നലെ പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനായി പന്ത് തട്ടില്ല എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. താരത്തെ ക്ലബ് ഔദ്യോഗികമായി റിലീസ് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയും വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തെങ്ങും ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സാധ്യതയില്ലെന് താരം നേരത്തെ തന്നെ സൂചന നൽകിയിരുന്നു. അതിനാൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ താരം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിരവധി ക്ലബുകളും ഇപ്പോൾ തന്നെ ക്രിസ്റ്റ്യാനോയെ നോട്ടമിട്ട് കഴിഞ്ഞു. നിലവിൽ രണ്ട് ക്ലബുകളാണ് പ്രധാനമായും താരത്തെ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയുള്ള ന്യൂകാസിൽ യുണൈറ്റഡാണ് ഇതിൽ പ്രമുഖർ. ക്ലബ്ബിന്റെ സൗദി ഉടമസ്ഥർക്ക് ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ ഏറെ താൽപര്യമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇതേ ഉടമസ്ഥരുടെ കീഴിലുള്ള സൗദിയിലെ അൽ നസ്സ്ർ ക്ലബും താരത്തിനെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതേ സമയം താരം തന്റെ പഴയ ക്ലബായ സ്പോർട്ടിങ് ലിസ്ബണിലേക്ക് തന്നെ വീണ്ടുമെത്തുമെന്നാണ് നിരവധി ആരാധകർ കരുതുന്നത്. ഏതായാലും മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നത് ക്രിസ്റ്റ്യാനോയ്ക്ക് അത്ര എളുപ്പമാവാൻ വഴിയില്ല. താരത്തിന്റെ പ്രായം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.
Story Highlights: Cristiano ronaldo press conference