അർജന്റീനയ്ക്ക് ഇന്ന് വീണ്ടും ജീവന്മരണ പോരാട്ടം; എതിരാളികൾ ലെവൻഡോസ്‌കിയുടെ പോളണ്ട്

November 30, 2022

മറ്റൊരു നിർണായക മത്സരത്തിറങ്ങുകയാണ് മെസ്സിയും കൂട്ടരും. പോളണ്ടിനെതിരെ ഇന്ന് രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയ്ക്ക് ജയിച്ചേ തീരൂ. സമനില പോലും ടീമിന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. അതിനാൽ ജീവന്മരണ പോരാട്ടത്തിന് തന്നെയാണ് അർജന്റീന ഇന്നിറങ്ങുന്നത്.

നാല് പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് പോളണ്ട്. അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്. അർജന്റീനയ്ക്കും സൗദിക്കും മൂന്ന് പോയിന്റാണുള്ളത്. എങ്കിലും ഗോൾ ശരാശരിയിൽ അർജന്റീന മുൻപിലാണ്. സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അങ്ങനെയാണെങ്കിൽ സൗദി-മെക്‌സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ പ്രീ-ക്വാർട്ടർ സാധ്യതകൾ. അത്തരമൊരു സമ്മർദ്ദം ഒഴിവാക്കാൻ അർജന്റീനയ്ക്ക് ഇന്ന് ജയിച്ചേ തീരൂ.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അർജന്റീന എതിരില്ലാത്ത രണ്ട് ഗോളിനാണ് മെക്‌സിക്കോയെ തകർത്തത്. ഇതോടെ ടീമിന് പുതുജീവനാണ് ലഭിച്ചത്. ലയണൽ മെസ്സി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്‌സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസ്സിയുടെ എട്ടാം ഗോളാണിത്‌. ഈ ഗോളോടെ തുടര്‍ച്ചയായ ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസ്സിയ്ക്ക് സാധിച്ചു.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

എന്നാൽ സൗദിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ദയനീയ പരാജയമാണ് അർജന്റീന ഏറ്റുവാങ്ങിയത്. മെസ്സിയുടെ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ തോൽപിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയിലൂടെ അർജന്റീന തന്നെയാണ് മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കിയതോടെ സൗദി അട്ടിമറി വിജയം നേടുകയായിരുന്നു. ആദ്യ മത്സരത്തിൽ സമനില നേടിയിരുന്നെങ്കിൽ പോലും ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽക്കാതെ മുന്നേറിയ ഇറ്റലിയുടെ റെക്കോർഡിനൊപ്പം എത്താനുള്ള സുവർണാവസരമാണ് അർജന്റീന കൈവിട്ടത്. 37 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഇറ്റലി കുതിച്ചത്. സൗദിയോട് ദയനീയമായി പരാജയപ്പെട്ടതോട് കൂടി അർജന്റീനയ്ക്ക് ഈ റെക്കോർഡ് നേടാനുള്ള അവസരം നഷ്ടമാവുകയായിരുന്നു.

Story Highlights: Crucial match today for argentina