ജർമ്മനി എന്ന വന്മരവും വീണു; ജപ്പാന് മുൻപിൽ മുട്ടുകുത്തി മുൻ ലോകചാമ്പ്യന്മാർ
ഇത്തവണ കാര്യങ്ങൾ കൈവിട്ട് പോയത് നാല് തവണ ലോകചാമ്പ്യന്മാരായ ജർമ്മനിക്കാണ്. ജപ്പാന് മുൻപിൽ അടി തെറ്റി വീഴുകയായിരുന്നു ടീം. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജർമ്മനിയെ തകർത്തത്. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ അതിശക്തമായ തിരിച്ചുവരവ്.
അർജന്റീന-സൗദി മത്സരവുമായി ഏറെ സമാനതകളുണ്ടായിരുന്നു ഇന്നത്തെ മത്സരത്തിന്. അര്‍ജന്റീനയെ പോലെ ആദ്യ പകുതിയിൽ പെനാല്‍റ്റിയിലൂടെ തന്നെയാണ് ജർമ്മനി ലീഡ് നേടിയത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ഇകായ് ഗുണ്ടോകൻ നേടി. കളിയുടെ തുടക്കം മുതല്ക്കേ ജര്‍മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്.
എന്നാൽ രണ്ടാം പകുതിയിലെ ജപ്പാൻ്റെ വിസ്മയ പ്രകടനം ഖത്തർ ലോകകപ്പിലെ രണ്ടാം അട്ടിമറിക്ക് വഴിയൊരുക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ റിറ്സ് ഡോനാണ് ജർമൻ വല ആദ്യം കുലുക്കിയത്. 75 ആം മിനിറ്റിലായിരുന്നു ജപ്പാൻ്റെ സമനില ഗോൾ. 83 ആം മിനിറ്റിൽ ടാക്മയും ജപ്പാന് വേണ്ടി ഗോൾ കണ്ടെത്തി.
അതേ സമയം ലോകമെങ്ങുമുള്ള അർജന്റീന ആരാധകരെയും മെസി ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന തോറ്റത്. സൗദി അറേബ്യയാണ് മിശിഹായുടെ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയിലൂടെ അർജന്റീന തന്നെയാണ് മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് സൗദിക്കായി സലേ അല്‍ഷെഹ്രിയും സലീം അല്‍ദാവസാരിയും വലകുലുക്കിയതോടെ സൗദി അട്ടിമറി വിജയം നേടുകയായിരുന്നു.
Story Highlights: Germany huge defeat against japan