ജർമ്മനിക്ക് ഇന്ന് ജീവന്മരണ പോരാട്ടം; എതിരാളികൾ കരുത്തരായ സ്പെയിൻ
മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ്. സ്പെയിനിനെതിരെ ഇറങ്ങുന്ന ജർമ്മൻ ടീമിന് ഇന്ന് ജയിച്ചേ തീരൂ. സമനില പോലും ടീമിന്റെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ജർമ്മനിക്ക് ഇത്തവണ ആ നാണക്കേട് ഒഴിവാക്കേണ്ടതുണ്ട്. ഇന്ന് രാത്രി 12.30 നാണ് ജർമ്മനി-സ്പെയിൻ പോരാട്ടം.
ഒരു പക്ഷെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടവും ഇത് തന്നെയാവും. രണ്ട് മുൻ ലോകചാമ്പ്യന്മാരാണ് ഇരു ടീമുകളും എന്നത് തന്നെയാണ് ഈ മത്സരത്തിന്റെ ആവേശം ഉയർത്തുന്നത്. ലോകകപ്പിലെ മരണഗ്രൂപ്പില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ് ജർമ്മനി. ഇന്ന് തോറ്റാൽ ജർമ്മനിയുടെ ലോകകപ്പ് പ്രതീക്ഷകൾ തുലാസ്സിലാവിലും.
ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തിനാണ് ജർമ്മനി ഇറങ്ങുന്നത്. സ്‌ട്രൈക്കര്‍ നികോളസ് ഫുള്‍കോഗിനെ മുന്നേറ്റത്തില്‍ പരീക്ഷിച്ചേക്കും. പ്രതിരോധത്തില്‍ തിലോ കെഹ്‌രറെ നിയോഗിക്കും. മറുവശത്ത് മിന്നുന്ന ഫോമിലാണ് സ്‌പെയിന്‍. പരിശീലകന്‍ ലൂയി എന്റികാണ് സ്‌പെയിനിന്റെ കരുത്ത്. പന്ത് കൈവശം വയ്ക്കുന്ന സ്ഥിരം ശൈലിയല്ല ഇത്തവണ. പരിധിയില്ലാത്ത ആക്രമണമാണ് സ്‌പെയിന്‍ ലക്ഷ്യമിടുന്നത്.
അതേ സമയം ആദ്യ മത്സരത്തിൽ ജപ്പാന് മുൻപിൽ അടി തെറ്റി വീഴുകയായിരുന്നു ജർമ്മനി. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജർമ്മനിയെ തകർത്തത്. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ അതിശക്തമായ തിരിച്ചുവരവ്. ജർമ്മനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ഇകായ് ഗുണ്ടോകൻ നേടി. കളിയുടെ തുടക്കം മുതല്‍ക്കേ ജർമ്മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. എന്നാൽ രണ്ടാം പകുതിയിലെ ജപ്പാൻ്റെ വിസ്മയ പ്രകടനം ഖത്തർ ലോകകപ്പിലെ രണ്ടാം അട്ടിമറിക്ക് വഴിയൊരുക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ റിറ്സ് ഡോനാണ് ജർമ്മൻ വല ആദ്യം കുലുക്കിയത്. 75 ആം മിനിറ്റിലായിരുന്നു ജപ്പാൻ്റെ സമനില ഗോൾ. 83 ആം മിനിറ്റിൽ ടാക്‌മയും ജപ്പാന് വേണ്ടി ഗോൾ കണ്ടെത്തി.
Story Highlights: Germany-spain match tonight at 12.30 am