‘കാപ്പ’ ക്രിസ്മസിന്; പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

November 14, 2022

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ.’ നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ ശ്രദ്ധേയമായി മാറിയിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡിസംബര്‍ 22 ന് ക്രിസ്‌മസ്‌ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

കാപ്പയുടെ ചിത്രങ്ങളും മേക്കിങ് വിഡിയോകളുമൊക്കെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നേരത്തെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തിരുന്നു.

ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More: കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്- 33.15 സെക്കൻഡിനുള്ളിൽ കഴിച്ച് നേടിയത് റെക്കോർഡ്!

അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയമാണ് നേടിയത്. വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ കടുവ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

Story Highlights: Kappa release date announced