“എൻ പൂവേ പൊൻ പൂവേ..”; ലയനക്കുട്ടിയുടെ താരാട്ടിന്റെ ഈണമുള്ള ഗാനം പാട്ടുവേദിയിൽ മധുരം പടർത്തിയ നിമിഷം
അമ്പരപ്പിക്കുന്ന ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്.
ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്ന ലയനക്കുട്ടിയുടെ ഒരു ഗാനമാണ് കൈയടി നേടുന്നത്. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ “എൻ പൂവേ പൊൻ പൂവേ..” എന്ന് തുടങ്ങുന്ന ഗാനമാണ് ഈ കുഞ്ഞു ഗായിക വേദിയിൽ ആലപിച്ചത്. സംഗീത സാമ്രാട്ട് ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ലയനക്കുട്ടി വേദിയിൽ ഈ ഗാനം ആലപിക്കുന്നത്.
മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് മൂന്നാം സീസണിലെ ഈ കുരുന്ന് ഗായകർ. പാട്ടിനൊപ്പം ഈ കുഞ്ഞുങ്ങളുടെ തമാശ നിറഞ്ഞ കൊച്ചു വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിക്കാറുള്ളത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടിയുടെ വേദിയിലെ സംസാരം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരേ പോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് ധ്വനി നൽകിയത്. പാട്ട് പാടി കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോയാലോ എന്ന് ചോദിക്കുകയായിരുന്നു എം. ജി ശ്രീകുമാർ. തനിക്ക് ബൈക്ക് ഉണ്ടെന്നും അതിൽ പോകാമെന്നും ഗായകൻ കൂട്ടിച്ചേർത്തു. എന്നാൽ ഞങ്ങൾക്ക് കാറുണ്ടെന്നും അതിൽ മാത്രമേ വരുകയുള്ളുവെന്നും ധ്വനിക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Story Highlights: Layana impresses judges with her sweet melody