“സർ, 3 മണിക്ക് സ്കൂൾ വിടാമോ, അർജന്റീനയുടെ കളി കാണണം..”; രസകരമായ കത്ത് വൈറലാവുന്നു
സൗദി അറേബ്യയ്ക്കെതിരെയാണ് ലയണൽ മെസിയുടെ അർജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. 3.30 നാണ് മത്സരം ആരംഭിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് മെസിയും കൂട്ടരും ഖത്തറിലെത്തിയിരിക്കുന്നത്. മെസിക്ക് വേണ്ടി ഇത്തവണ കപ്പ് ഉയർത്താൻ കഴിയുമെന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്. ലോകമെങ്ങുമുള്ള അർജന്റീന ആരാധകരും മെസി കപ്പിൽ മുത്തമിടുന്നത് കാണാൻ കാത്തിരിക്കുകയാണ്.
ഇപ്പോൾ കോഴിക്കോടുള്ള അർജന്റീനയുടെ ചില കുരുന്ന് ആരാധകരുടെ ഒരു കത്താണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അർജന്റീനയുടെ മത്സരം 3.30 ന് ആരംഭിക്കുമെന്നതിനാൽ 3 മണിക്ക് സ്കൂൾ വിടാൻ കഴിയുമോ എന്ന് ചോദിച്ചു കൊണ്ട് പ്രധാനാധ്യാപകന് കത്തെഴുതിയിരിക്കുകയാണ് ഈ കുട്ടികൾ. കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഹയര്‍സെക്കന്ററി സ്കൂളിലെ അര്‍ജന്റീന ഫാന്‍സിന്റെ മനസിലാണ് കളി കാണാനായി അവധി കിട്ടാന്‍ ഇത്തരമൊരു ആശയം ഉദിച്ചത്.
പ്രധാനാധ്യാപകന് അര്‍ജന്റീന ഫാന്‍സ് എച്ച്എസ്എസ് എന്ന പേരില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ ഈ കത്ത് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 3.30 ന് നടക്കുന്ന അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള കളി കാണാന്‍ 3 മണിക്കെങ്കിലും സ്കൂള്‍ വിടണമെന്നാണ് കുട്ടികളുടെ അഭ്യര്‍ത്ഥന. അര്‍ജന്റീനയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് ഈ കളി കാണല്‍ അനിവാര്യമാണെന്ന് തോന്നുന്നുവെന്നാണ് കത്തിലെ സത്യസന്ധമായ വാക്കുകള്‍. ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് നിവേദനം നല്‍കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത്.
അതേ സമയം അർജന്റീനയുടെ 26 അംഗ ടീമിന്റെ നായകൻ ലയണൽ മെസി തന്നെയാണ്. എന്നാൽ കോപ്പ അമേരിക്കയിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ജിയോവാനി ലോസെൽസോ ടീമിലില്ല. പരിക്ക് കാരണമാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നത്. എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ അടക്കമുള്ള പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ലോസെല്‍സോക്ക് പകരം ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീൽഡര്‍ എസക്വീൽ പലാസിയോക്ക് കോച്ച് ലയണൽ സ്കലോനി ടീമില്‍ ഇടം നല്കി. എമിലിയാനോ മാര്‍ട്ടിനെസ് തന്നെയാണ് ടീമിന്റെ പ്രധാന ഗോള്‍ കീപ്പര്‍.
Story Highlights: Little argentina fans viral letter