മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്നുവെന്ന് സൂചന; തമിഴ് ചിത്രമൊരുക്കുന്നത് മണികണ്ഠൻ

November 3, 2022

വലിയ ആരാധകവൃന്ദമുള്ള താരങ്ങളാണ് മമ്മൂട്ടിയും വിജയ് സേതുപതിയും. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരാണ് ഇരുവരും. സിനിമ ലോകമാകെ ഇരുവരും വെള്ളിത്തിരയിൽ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു. മമ്മൂട്ടിക്ക് തമിഴ് നാട്ടിലുള്ളത് പോലെ വലിയ ആരാധകരാണ് വിജയ് സേതുപതിക്ക് കേരളത്തിലുള്ളത്.

ഇപ്പോൾ ഇരുവരും ഒരു ചിത്രത്തിനായി കൈകോർക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു തമിഴ് ചിത്രത്തിലാണ് മമ്മൂട്ടി വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ‘കാക്ക മുട്ടെ’ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ മണികണ്ഠനാണ് ചിത്രമൊരുക്കുന്നത്. വളരെ അടുത്ത് തന്നെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാവുമെന്നും പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വാർത്തയെ പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ചിത്രം യാഥാർഥ്യമാവുകയാണെങ്കിൽ പേരൻപിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമായിരിക്കുമിത്.

അതേ സമയം റോഷാക്കാണ് മമ്മൂട്ടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ് റോഷാക്ക്.

Read More: ദൃശ്യവിസ്മയമൊരുക്കി അവതാർ 2 വിന്റെ ട്രെയ്‌ലർ എത്തി; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക്

ചിത്രം പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ നിരവധി മേക്കിങ് വിഡിയോകളും ലൊക്കേഷൻ വിഡിയോകളുമൊക്കെ ശ്രദ്ധേയമായി മാറിയിരുന്നു. നിസാം ബഷീർ ഒരുക്കിയ ചിത്രം വലിയ വിജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസയ്‌ക്കൊപ്പം ബോക്സോഫീസിൽ നിന്നും ചിത്രം മികച്ച കളക്ഷൻ നേടിയിട്ടുണ്ട്.

Story Highlights: Mammootty and vijay sethupathy acting together