മെസിക്കായി ഗുരുവായൂർ അമ്പലത്തിൽ ആരാധകന്റെ വക പാൽപായസ വഴിപാട്; മധുരിക്കുന്ന വിജയം ഉണ്ടാവുമെന്ന് പ്രതീക്ഷ
പോളണ്ടിനെതിരെ ഇന്ന് നടക്കുന്ന മത്സരം അർജന്റീനയ്ക്ക് വളരെ നിർണായകമാണ്. ലോകകപ്പിൽ ടീമിന്റെ ഭാവി നിർണയിക്കപ്പെടുന്ന മത്സരം ആകാംക്ഷയോടെയാണ് ലോകമെങ്ങുമുള്ള ആരാധകർ വീക്ഷിക്കുന്നത്. രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയ്ക്ക് ജയിച്ചേ തീരൂ. സമനില പോലും ടീമിന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. അതിനാൽ ജീവന്മരണ പോരാട്ടത്തിന് തന്നെയാണ് അർജന്റീന ഇന്നിറങ്ങുന്നത്.
ഇപ്പോൾ മറ്റൊരു രസകരമായ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലോകകപ്പിലെ നിർണായക മത്സരത്തിന് മുന്നോടിയായി അർജൻറീന ഫുട്ബാൾ താരം ലയണൽ മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധകന്റെ വക പാൽ പായസം വഴിപാട് നേർന്നിരിക്കുകയാണ്. മുൻ നഗരസഭാ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ. മണികണ്ഠനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്. 500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിർണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠൻ പറഞ്ഞു. പാൽപായസം പോലെ മധുരിക്കുന്ന വിജയം അർജന്റീനക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നാല് പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് പോളണ്ട്. അർജന്റീനയാണ് രണ്ടാം സ്ഥാനത്ത്. അർജന്റീനയ്ക്കും സൗദിക്കും മൂന്ന് പോയിന്റാണുള്ളത്. എങ്കിലും ഗോൾ ശരാശരിയിൽ അർജന്റീന മുൻപിലാണ്. സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അങ്ങനെയാണെങ്കിൽ സൗദി-മെക്സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ പ്രീ-ക്വാർട്ടർ സാധ്യതകൾ. അത്തരമൊരു സമ്മർദ്ദം ഒഴിവാക്കാൻ അർജന്റീനയ്ക്ക് ഇന്ന് ജയിച്ചേ തീരൂ.
Story Highlights: Milk stew offering at guruvayur temple for messi