നെയ്‌മറിന് വീണ്ടും ലോകകപ്പ് നഷ്‌ടമാവുമോ; കാലിനേറ്റ പരിക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം, ആശങ്കയോടെ ആരാധകർ

November 27, 2022

ലോകകപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻ വിജയമാണ് ബ്രസീൽ നേടിയത്. സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറികൾ പറപ്പിച്ചത്. യുവതാരങ്ങളുടെ പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച റിചാൾസിൻ അടക്കമുള്ള താരങ്ങൾ ബ്രസീലിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

എന്നാൽ സൂപ്പർ താരം നെയ്‌മറിനേറ്റ പരിക്കാണ് ഇപ്പോൾ ബ്രസീൽ ആരാധകർക്ക് ആശങ്ക പകരുന്നത്. ടീമിന്റെ നെടുംതൂണായ താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാവുമെന്ന്‌ നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ലോകകപ്പ് തന്നെ നെയ്മറിന് നഷ്‌ടമാവുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ.

കണങ്കാലിനേറ്റ പരിക്കിന്റെ ചിത്രങ്ങൾ താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകരുടെ ആശങ്ക ഇരട്ടിയാവുന്നത്. നെയ്‌മറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രീക്വാർട്ടർ മത്സരങ്ങളിൽ താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്.

എന്നാൽ നെയ്‌മറില്ലെങ്കിലും ബ്രസീൽ ടീമിന് ആശങ്കപ്പെടാനില്ല എന്നാണ് കളി നിരീക്ഷകർ വിലയിരുത്തുന്നത്. വലിയ പ്രതീക്ഷയാണ് ബ്രസീലിന്റെ യുവനിര ലോകമെങ്ങുമുള്ള ആരാധകർക്ക് നൽകുന്നത്. മികച്ച വിജയമാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ബ്രസീൽ നേടിയത്. അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടു പൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ​ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തിച്ചു.

Read More: 12 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് നൂറുകണക്കിന് ആടുകൾ- അപൂർവ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ..

തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ​​ഗോൾ. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്ത് നിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ​ഗോൾ സമ്മാനിച്ചു. അര്‍ജന്റീനയും ജര്‍മനിയും കാലിടറി വീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറിപ്പട തകത്തെറിഞ്ഞത്.

Story Highlights: Neymar shares his injury pics