ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ പഠാന്റെ ടീസറെത്തി; നാല് വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചു വരവ്

November 2, 2022

ഇന്നാണ് കിംഗ് ഖാന്റെ പിറന്നാൾ ദിനം. ലോകമെങ്ങുമുള്ള ഷാരൂഖ് ഖാൻ ആരാധകർ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ വലിയ പ്രതീക്ഷയുണർത്തുന്ന ഒരു പിടി ചിത്രങ്ങളുമായി ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരം.

ഇപ്പോൾ ഷാരൂഖ് ഖാനുള്ള പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ ‘പഠാൻ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ഈ ആക്ഷൻ ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേ സമയം പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് അറ്റ്ലിയുടെ ‘ജവാൻ.’ തമിഴിൽ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. വിജയ് സേതുപതി, നയൻ താര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read More: ധൈര്യമില്ലെങ്കിൽ പ്രതാപവുമില്ല!- അജിത് ചിത്രത്തിനായി തമിഴിൽ ഡബ്ബ് ചെയ്ത് മഞ്ജു വാര്യർ

അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നതിലുള്ള സന്തോഷം അനിരുദ്ധ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ബാദ്ഷാക്ക് വേണ്ടി സംഗീതം ഒരുക്കുകയാണ്. അറ്റ്‌ലിക്ക് നന്ദി, അഭിമാനിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള ചിത്രമായിരിക്കും’ അനിരുദ്ധ് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിൽ അനിരുദ്ധ് ഷാരൂഖ് ഖാനെയും സംവിധായകൻ അറ്റ്ലിയെയും ടാഗ് ചെയ്‌തിരുന്നു.

Story Highlights: Pathan teaser released