പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം; റിലീസ് ഡേറ്റിനെ പറ്റി സൂചന

November 16, 2022

ചരിത്ര വിജയമാണ് മണി രത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ നേടിയത്. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലും റിലീസ് ചെയ്‌തിട്ടുണ്ട്‌.

രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോൾ രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിരിക്കുകയാണ്. ഏപ്രിൽ 28 ന് പിഎസ് 2 തിയറ്ററുകളിൽ എത്തുമെന്നാണ് സിനിമാ പ്രവർത്തകൻ രമേഷ് ബാല ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Read More: ‘ആ നുണക്കുഴികൾ കൂടുതൽ ആഴമേറിയതാകട്ടെ…’- അമ്മയ്ക്ക് ഹൃദ്യമായ പിറന്നാൾ കുറിപ്പുമായി മംമ്ത മോഹൻദാസ്

വമ്പൻ താരനിര അണിനിരന്നിരിക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോകളും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു.

Story Highlights: Ponniyin selvan 2 release date