ഒരു നാൾ വരും; മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം സുനിൽ ഛേത്രിയുടെ കട്ടൗട്ട്, സ്ഥാപിച്ചത് തൃശൂരിൽ
ഞാറാഴ്ചയാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്. കേരളത്തിലാകെ ഫുട്ബോൾ ലോകകപ്പിന്റെ ആവേശമാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തിയാണ് ആരാധകർ ആവേശം പ്രകടിപ്പിക്കുന്നത്. മെസിയുടെയും നെയ്മറുടെയും റൊണാൾഡോയുടെയും നിരവധി കട്ടൗട്ടുകളാണ് കേരളത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.
എന്നാലിപ്പോൾ മറ്റൊരു കട്ടൗട്ടിന്റെ വാർത്തകളാണ് ശ്രദ്ധേയമാവുന്നത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകൻ സുനിൽ ഛേത്രിയുടെ കൂറ്റൻ കട്ടൗട്ടാണ് തൃശൂരിൽ സ്ഥാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് ഛേത്രി. റൊണാൾഡോയ്ക്കും മെസിക്കും പിന്നിൽ സജീവ കളിക്കാരിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഗോളും അദ്ദേഹത്തിനുണ്ട്. ഫിഫ റാങ്കിങ്ങിൽ 106-ാം സ്ഥാനത്താണ് ഇന്ത്യൻ ടീം. ഫിഫ ലോകകപ്പിന് യോഗ്യത നേടാനായില്ല. എന്നിരുന്നാലും ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ചുമതലയേറ്റതിനുശേഷം ഇന്ത്യ ക്രമേണ പുരോഗതി കൈവരിക്കുകയും ഗണ്യമായി മെച്ചപ്പെടുകയും ചെയ്തു.
അതേ സമയം ഏറ്റവും കൂടുതൽ വൈറലായത് കോഴിക്കോട് പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്റെയും പുഴയിൽ സ്ഥാപിക്കുന്നതിന്റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.
Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ
ഇതിന് ശേഷം ഇതേ പുഴയിൽ നെയ്മറുടെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചിരുന്നു. തലയെടുപ്പോടെയാണ് മൂന്ന് താരങ്ങളുടെയും കട്ടൗട്ടുകൾ പുഴയിൽ നിൽക്കുന്നത്. ഇത് ഗോട്ടുകളുടെ സംഗമമാണെന്നാണ് ആരാധകർ പറയുന്നത്.
Story Highlights: Sunil chhetri cut out at thrissur