ഇത്തവണ വനിതകളുടെ വിസിൽ മുഴങ്ങും; ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരം നിയന്ത്രിക്കാൻ വനിത റഫറിമാർ
നാളെയാണ് കാൽപന്ത് കളിയുടെ മാമാങ്കത്തിന് കൊടിയേറുന്നത്. ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയർ ഇക്വഡോറിനെ നേരിടും. ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച നാൾ മുതൽ ആവേശത്തോടെയാണ് ഖത്തർ അതിന് വേണ്ടി ഒരുങ്ങിയിരുന്നത്. വലിയ തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്ന ഖത്തറിന് കൊവിഡ് ഒമിക്രോൺ ഭീഷണികൾ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ടിക്കറ്റ് വിൽപ്പനയ്ക്ക് ഉണ്ടായ മികച്ച പ്രതികരണം വീണ്ടും ഖത്തർ ലോകകപ്പിനെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു.
ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ വനിത റഫറിമാരും ഉണ്ടാവും. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്. ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. 2009 മുതൽ ഫിഫ ഇന്റർനാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതയായി. 3 വർഷം മികച്ച വനിതാ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ
ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ റഫറിയാകുന്ന ആദ്യ വനിതയായി സലീമ മുകാൻ സംഗ. വനിതാ ലോകകപ്പ്, വിമൻസ് ചാമ്പ്യൻസ് ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെന്റുകൾ നിയന്ത്രിച്ച അനുഭവ സമ്പത്തുമുണ്ട്. 2019 ലെ വനിതാ ലോകകപ്പിലും 2020 ലെ സമ്മർ ഒളിമ്പിക്സിലും കളി നിയന്ത്രിച്ച പരിചയവുമായാണ് യോഷിമ യമാഷിത എത്തുന്നത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ മത്സരങ്ങൾ നിയന്ത്രിച്ച അനുഭവ പരിചയമുണ്ട്. ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക് , മെക്സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.
Story Highlights: Women referee at qatar world cup