ആറു ഗർഭിണികളുടെ കഥ- ‘വണ്ടർ വുമൺ’ ട്രെയ്‌ലർ

November 3, 2022

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അഭിനേതാക്കളായ പാർവതി, നിത്യ മേനോൻ, പത്മപ്രിയ എന്നിവർ ഗർഭ പരിശോധനാ കിറ്റ് റിസൾട്ടിന്റെ ചിത്രം പങ്കുവെച്ച് പ്രേക്ഷകർക്ക് സസ്പെൻസ് സമ്മാനിച്ചിരുന്നു. ഇത് ഒരു സിനിമയുടെ പ്രമോഷനുവേണ്ടിയാണെന്ന് ആളുകൾ പിന്നീടാണ് മനസിലാക്കിയത്. ‘വണ്ടർ വുമൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ബാംഗ്ലൂർ ഡേയ്‌സ്’, ‘കൂടെ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജലി മേനോൻ ആണ്. ചിത്രം റിലീസിന് തയ്യാറാകുന്ന വേളയിൽ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

നവംബർ 18ന് സോണി ലിവ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനോൻ, സയനോര, നദിയ മൊയ്തു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആറു ഗർഭിണികളുടെ കഥപറയുന്ന സിനിമയിൽ പഴയകാല പ്രസവാരീതികളെ കുറിച്ചും പുതിയ തലമുറ അതിനെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ചർച്ച ചെയ്യുന്നത്.

ഇംഗ്ലീഷിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രസവത്തിന് മുന്നോടിയായി നടക്കുന്ന ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്ന ആറു ഗർഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്. നദിയ മൊയ്തുവാണ് ഈ ക്ലാസ് നയിക്കുന്നത്. വിവിധ പശ്ചാത്തലത്തിൽ നിന്നും എത്തുന്ന ഗർഭിണികളായ സ്ത്രീകളാണ് ഓരോത്തരും. അവർക്ക് പങ്കുവയ്ക്കാനുള്ളതും വിവിധ ജീവിതാനുഭവങ്ങളാണ്.

Read Also: “തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി..”; ഒരു അടിപൊളി ഗാനവുമായി എത്തി പാട്ടുവേദിയെ ആനന്ദ ലഹരിയിലാഴ്ത്തിയ കൊച്ചു ഗായിക

ഗർഭിണിയായതിൽ വളരെ സന്തോഷവതിയായ നോറയെയാണ് നിത്യ അവതരിപ്പിക്കുന്നത്. മറുവശത്ത്, പത്മപ്രിയ തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള പാപ്പു എന്ന ഗർഭിണിയായ സ്ത്രീയെ അവതരിപ്പിക്കുന്നു. കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തേണ്ടതിനാൽ ഗർഭിണിയായതിൽ അത്ര സന്തോഷമില്ലെന്ന് തോന്നുന്ന മിനി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.

Story highlights- wonder women trailer