മലയാളികൾക്ക് ഇന്ന് ഉറക്കമില്ലാത്ത രാവ്; ക്വാർട്ടർ പോരാട്ടത്തിന് ബ്രസീലും അർജന്റീനയും ഇന്നിറങ്ങുന്നു

December 9, 2022

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളാണ് ബ്രസീലും അർജന്റീനയും. ഇന്ന് ഇരുവരും ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുകയാണ്. രാത്രി 8.30 ന് ബ്രസീൽ ക്രോയേഷ്യയെ നേരിടുമ്പോൾ 12.30 ന് നടക്കുന്ന മത്സരത്തിൽ അർജന്റീന നെതർലൻഡ്‌സിനെ നേരിടും. ഖത്തർ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആവേശ പോരാട്ടങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്.

ദക്ഷിണ കൊറിയയെ പ്രീ-ക്വാർട്ടറിൽ തകർത്ത ബ്രസീലിന് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച ജപ്പാനെ കീഴടക്കി വന്ന ക്രോയേഷ്യ വെല്ലുവിളി ഉയർത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. അതേ സമയം തുല്യ ശക്തികളുടെ പോരാട്ടമാണ് അർജന്റീന-നെതർലൻഡ്‌സ് മത്സരം. പ്രീ-ക്വാർട്ടറിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത അർജന്റീനയ്ക്ക് യുഎസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ നെതർലൻഡ്‌സ് ഒത്ത എതിരാളികളാണ്. ശനിയാഴ്ച്ച നടക്കുന്ന ക്വാർട്ടർ മത്സരങ്ങളിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയും പോർച്ചുഗൽ മൊറോക്കോയെയും നേരിടും.

അതേ സമയം ബ്രസീൽ ക്രോയേഷ്യയെയും അർജന്റീന നെതർലൻഡ്‌സിനെയും മറികടന്നാൽ സെമി ഫൈനലിൽ മെസിയുടെയും നെയ്‌മറിന്റെയും ടീമുകൾ ഏറ്റുമുട്ടും. മലയാളികളടക്കം ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്ന ഒരു പോരാട്ടം കൂടിയാണത്. ഖത്തർ ലോകകപ്പ് ഇതിഹാസ താരങ്ങളുടെ പോരാട്ട വേദി കൂടിയായി മാറുമെന്നാണ് ഇപ്പോൾ ആരാധകർ കരുതുന്നത്.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു പോരാട്ടത്തിനും ഖത്തർ സാക്ഷിയായേക്കും. അർജന്റീനയ്ക്ക് ക്വാർട്ടറിലെയും സെമിയിലെയും വമ്പന്മാരെ തോൽപ്പിച്ച് ഫൈനലിൽ എത്താൻ കഴിഞ്ഞാൽ ഒരു പക്ഷെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു പോരാട്ടത്തിന് അരങ്ങൊരുങ്ങും. ക്വാർട്ടറിൽ മൊറോക്കോയെയും സെമിയിൽ ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരത്തിലെ വിജയികളെയും മറികടന്ന് ഫൈനലിൽ മെസിയുടെ അർജന്റീനയോട് ഏറ്റുമുട്ടാൻ സാക്ഷാൽ റൊണാൾഡോയുടെ പോർച്ചുഗൽ എത്താനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. എങ്കിലത്‌ നൂറ്റാണ്ടിലെ പോരാട്ടമായിരിക്കും.

Story Highlights: Brazil, argentina quarter matches today