ഷൂട്ടൗട്ടിലേക്കെത്തിക്കാനുള്ള ക്രൊയേഷ്യൻ തന്ത്രം ഫലിക്കുമോ; ബ്രസീൽ-ക്രൊയേഷ്യ മത്സരത്തിലെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ

ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ കലാശിച്ചു. ബ്രസീലിനെ ഗോളടിക്കാൻ വിടില്ല എന്ന വാശിയിലായിരുന്നു ലൂക്ക മോഡ്രിച്ചും കൂട്ടരും. നെയ്‌മറും വിനീഷ്യസും നടത്തിയ നീക്കങ്ങളൊന്നും ഗോളിൽ കലാശിച്ചില്ല.
മത്സരത്തെ ഷൂട്ടൗട്ടിലേക്കെത്തിക്കാനുള്ള ക്രൊയേഷ്യൻ തന്ത്രം ഫലിക്കുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യ വിജയകരമായി പരീക്ഷിച്ച ഒരു തന്ത്രം കൂടിയാണിത്. കഴിഞ്ഞ അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ നാലിലും ക്രൊയേഷ്യ കളി അധികസമയത്തേക്ക് നീട്ടി. ഇതിൽ മൂന്ന് തവണ പെനാൽറ്റിയിൽ വിജയം നേടാനും അവർക്ക് സാധിച്ചു. 2018 ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനില പാലിച്ച ക്രൊയേഷ്യ ഷൂട്ടൗട്ടിൽ 3-2നു വിജയിച്ചു. ക്വാർട്ടറിൽ റഷ്യ ആയിരുന്നു എതിരാളികൾ. ക്രൊയേഷ്യയെ 2-2 എന്ന സ്കോറിനു പിടിച്ചുനിർത്തിയെങ്കിലും ഷൂട്ടൗട്ടിൽ റഷ്യക്ക് പിഴച്ചു. ക്രൊയേഷ്യയുടെ വിജയം 4-3ന്. സെമിയിൽ ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിന് അനായാസം മറികടന്ന ക്രൊയേഷ്യ ഫൈനലിൽ ഫ്രാൻസിനെതിരെ വീണു. സ്കോർ 4-2. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ 1-1 എന്ന സ്കോറിൽ നിന്ന് കളി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ വീണ്ടും ക്രൊയേഷ്യ.
എന്നാൽ രണ്ടാം പകുതിയിൽ ഗോൾ നേടാൻ ഉറച്ച് തന്നെയാവും ബ്രസീൽ ഇറങ്ങുന്നത്. രണ്ടാം പകുതിയിൽ നെയ്‌മറിനും കൂട്ടർക്കും വാശിയേറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താൻ കൂടിയാണ് ഇന്നിറങ്ങിയിരിക്കുന്നത്. എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നു കൊണ്ടിരിക്കുന്നത്.
Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ
അതേ സമയം ബ്രസീൽ ക്രൊയേഷ്യയെയും അർജന്റീന നെതർലൻഡ്‌സിനെയും മറികടന്നാൽ സെമി ഫൈനലിൽ മെസിയുടെയും നെയ്‌മറിന്റെയും ടീമുകൾ ഏറ്റുമുട്ടും. മലയാളികളടക്കം ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്ന ഒരു പോരാട്ടം കൂടിയാണത്. ഖത്തർ ലോകകപ്പ് ഇതിഹാസ താരങ്ങളുടെ പോരാട്ട വേദി കൂടിയായി മാറുമെന്നാണ് ഇപ്പോൾ ആരാധകർ കരുതുന്നത്.
Story Highlights: Brazil-croatia match first half