നെയ്‌മറുടെ കുതിപ്പ് തടയാൻ മോഡ്രിച്ച്; ബ്രസീൽ-ക്രൊയേഷ്യ മത്സരം അൽപസമയത്തിനകം

December 9, 2022

ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ക്രോയേഷ്യയെ നേരിടാനിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ കൂടിയാണ് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ.

ദക്ഷിണ കൊറിയയെ പ്രീ-ക്വാർട്ടറിൽ തകർത്ത ബ്രസീലിന് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച ജപ്പാനെ കീഴടക്കി വന്ന ക്രൊയേഷ്യ വെല്ലുവിളി ഉയർത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. കരുത്തരാണ് ബ്രസീൽ. നെയ്‌മർ എന്ന ഒറ്റ താരത്തെ മാത്രം കേന്ദ്രീകരിച്ചുള്ള കളിയല്ല ബ്രസീലിന്റേത്. റിചാർലിസൺ, വിനീഷ്യസ് അടക്കമുള്ള യുവ താരങ്ങളൊക്കെ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

അതേ സമയം ബ്രസീൽ ക്രൊയേഷ്യയെയും അർജന്റീന നെതർലൻഡ്‌സിനെയും മറികടന്നാൽ സെമി ഫൈനലിൽ മെസിയുടെയും നെയ്‌മറിന്റെയും ടീമുകൾ ഏറ്റുമുട്ടും. മലയാളികളടക്കം ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്ന ഒരു പോരാട്ടം കൂടിയാണത്. ഖത്തർ ലോകകപ്പ് ഇതിഹാസ താരങ്ങളുടെ പോരാട്ട വേദി കൂടിയായി മാറുമെന്നാണ് ഇപ്പോൾ ആരാധകർ കരുതുന്നത്.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു പോരാട്ടത്തിനും ഖത്തർ സാക്ഷിയായേക്കും. അർജന്റീനയ്ക്ക് ക്വാർട്ടറിലെയും സെമിയിലെയും വമ്പന്മാരെ തോൽപ്പിച്ച് ഫൈനലിൽ എത്താൻ കഴിഞ്ഞാൽ ഒരു പക്ഷെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു പോരാട്ടത്തിന് അരങ്ങൊരുങ്ങും. ക്വാർട്ടറിൽ മൊറോക്കോയെയും സെമിയിൽ ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരത്തിലെ വിജയികളെയും മറികടന്ന് ഫൈനലിൽ മെസിയുടെ അർജന്റീനയോട് ഏറ്റുമുട്ടാൻ സാക്ഷാൽ റൊണാൾഡോയുടെ പോർച്ചുഗൽ എത്താനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. എങ്കിലത്‌ നൂറ്റാണ്ടിലെ പോരാട്ടമായിരിക്കും.

Story Highlights: Brazil-Croatia match