ഇന്ന് നെയ്‌മർ കളിക്കും; ഇത് ടിറ്റെയുടെ ഉറപ്പ്

December 5, 2022

പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇന്ന് ദക്ഷിണ കൊറിയയെ നേരിടാനിറങ്ങുന്ന ബ്രസീലിന് ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്‌മർ ഇന്ന് കളിക്കുമെന്നാണ് ബ്രസീൽ കോച്ച് ടിറ്റെ ഉറപ്പ് നൽകുന്നത്. ടീമിനൊപ്പം പരിശീലിച്ചാൽ നെയ്‌മർ പ്രീ ക്വാർട്ടറിൽ കളിക്കുമെന്നാണ് ടിറ്റെ അറിയിച്ചത്. ടീമിനൊപ്പം നെയ്‌മർ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം ദക്ഷിണ കൊറിയക്കെതിരെ കളിക്കുമെന്ന് ഏകദേശം ഉറപ്പായി.

ഇന്ന് രാത്രി 12.30 നാണ് ബ്രസീൽ – ദക്ഷിണ കൊറിയ പോരാട്ടം. പരിശീലനത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങൾ നെയ്‌മർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നെയ്‌മറിന് പരിക്ക് കാരണം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളും നഷ്‌ടമായിരുന്നു. ബ്രസീലിന്റെ നട്ടെല്ലായ താരങ്ങൾക്ക് പരിക്ക് ഒരു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.വെള്ളിയാഴ്ച കാമറൂണിനെതിരായി നടന്ന മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളില്‍ ഗബ്രിയേല്‍ ജീസസിന് കളിക്കാനാകില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു. ജീസസിന്റെ വലതുകാല്‍മുട്ടിനാണ് പരിക്കേറ്റത്. പരിക്കിന് പിന്നാലെ ജീസസിന്റെ കാലിന് എംആര്‍ഐ സ്‌കാനിങും നടത്തിയിരുന്നു.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

അതേ സമയം ഗ്രൂപ്പ് ജി യിലെ അവസാന മത്സരത്തിൽ 7 മുൻനിര താരങ്ങളില്ലാതെയിറങ്ങിയ ബ്രസീൽ കാമറൂണിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റെങ്കിലും അത് ടിറ്റെ കാര്യമാക്കുന്നില്ല. സൂപ്പർ താരം നെയ്‌മർ തിരികെയെത്തുമെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ബ്രസീലിനു നൽകുന്ന അഡ്വാൻ്റേജ് വളരെ വലുതാവും. സോൺ ഹ്യുങ്ങ്-മിന്നിൻ്റെ ദക്ഷിണ കൊറിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്ത്തിയാണ് പ്രീ-ക്വാർട്ടറിലെത്തിയത്. അത്ര ആധികാരികമായ പ്രകടനങ്ങളല്ല അവർ നടത്തിയതെങ്കിലും തങ്ങളെക്കൊണ്ട് എന്ത് സാധിക്കുമെന്ന് പോർച്ചുഗലിനെ തോല്പിച്ചതിലൂടെ അവർ തെളിയിച്ചു. ഇതിനകം അപകടകാരികളെന്ന സന്ദേശം നൽകിക്കഴിഞ്ഞ ബ്രസീൽ ആക്രമണ നിരയെ തടഞ്ഞു നിർത്തുകയെന്നത് ദക്ഷിണ കൊറിയക്ക് വെല്ലുവിളി ആയേക്കും.

Story Highlights: Brazil will play pre-quarter match against south korea