റൊണാൾഡോയ്ക്ക് ക്രിസ്‌മസ്‌ സമ്മാനമായി കോടികൾ വിലയുള്ള റോൾസ് റോയ്‌സ്; സർപ്രൈസൊരുക്കിയത് പങ്കാളി-വിഡിയോ

December 27, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ച ക്രിസ്‌മസ്‌ സമ്മാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുന്നത്. ആഡംബര കാറുകളിലെ രാജാക്കന്മാരായ റോൾസ് റോയ്‌സിന്റെ വില കൂടിയ കാറാണ് താരത്തിന് ലഭിച്ചത്. ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോര്‍ജിന റോ‍ഡ്രിഗസാണ് 7 കോടി വിലയുള്ള റോൾസ് റോയ്‌സ് കാർ താരത്തിന് സമ്മാനിച്ചത്.

റോൾസ് റോയൽസിന്റെ ഏക കൺവെർട്ടബിൾ കാർ കൂടിയാണ് താരം സ്വന്തമാക്കിയ റോൾസ് റോയ്‌സ് ഡോൺ. റൊണാൾഡോ തന്റെ പുതിയ റോൾസ് റോയ്‌സ് ഡോണിൽ ഇരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ക്രിസ്മസ് സമ്മാനം ഉണ്ടെന്നറിഞ്ഞ റൊണാള്‍‍ഡോ മക്കളെയും കൂട്ടിയാണ് സമ്മാനം കാണുവാന്‍ എത്തിയത്. ഏഴു കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയിസ് ഡോണില്‍ കുടുംബാംഗങ്ങൾക്കൊപ്പം റൊണാള്‍‍ഡോ അല്‍പദൂരം സഞ്ചരിച്ചു. മക്കള്‍ക്ക് സൈക്കിളുകളായിരുന്നു സമ്മാനം. റൊണാള്‍ഡോയുടെ വീടും, ക്രിസ്മസ് വിരുന്നിന് ഒരുക്കിയിരിക്കുന്ന മേശയും ജോര്‍ജിന പങ്കുവച്ച വിഡിയോയില്‍ കാണാം.

അതേ സമയം ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്റുമായി 2030 വരെ കരാറിലേർപ്പെട്ടു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ആദ്യത്തെ രണ്ട് വർഷം ക്രിസ്റ്റ്യാനോ ക്ലബ്ബിൽ കളിക്കുമെന്നും അതിന് ശേഷം സൗദിയുടെ ഫുട്‌ബോൾ അംബാസഡറായി പ്രവർത്തിക്കുമെന്നുമാണ് സൂചന. 2030 ൽ ലോകകപ്പിന് വേദിയാവാൻ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ വരവ് ഈ ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്നാണ് സൗദി കരുതുന്നത്.

Read More: “താങ്കളാണ് ലോകത്തെ ഏറ്റവും മികച്ചയാൾ..”; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്ട്ര ഫുട്‌ബോൾ കരിയറിന് ഏകദേശം അന്ത്യമായി എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് ശേഷം ആരാധകർക്കും ഫുട്‌ബോൾ പ്രേമികൾക്കും നൊമ്പരമായി ഒരു നീണ്ട കുറിപ്പ് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ബ്രസീലിന്റെ ഇതിഹാസ താരം പെലെ, ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ അടക്കമുള്ളവർ താരത്തിന്റെ ഇൻസ്റ്റഗ്രാം കുറിപ്പിന് മറുപടി നൽകിയിരുന്നു.

Story Highlights: Cristiano ronaldo christmas gift from partner