“ആ ക്ലബ്ബിലേക്ക് താൻ പോവുന്നില്ല..”; തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചാവിഷയമായിരിക്കുന്ന വാർത്തയാണ് താരം ഇനി ഏത് ക്ലബ്ബിലേക്ക് പോവും എന്നുള്ളത്. താരത്തെ ഔദ്യോഗികമായി ക്ലബ്ബ് റിലീസ് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയും വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അടുത്തെങ്ങും ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സാധ്യതയില്ലെന് താരം നേരത്തെ തന്നെ സൂചന നൽകിയിരുന്നു. അതിനാൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ താരം തുടങ്ങിയെന്നും സൂചനകൾ ഉണ്ടായിരുന്നു.
താരം ഒരു സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 3400 കോടി രൂപയ്ക്ക് അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർക്കയുടെ റിപ്പോർട്ട് പ്രകാരം റോണോയ്ക്ക് 400 മില്യൺ യൂറോയാകും ആകെ പ്രതിഫലം എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
എന്നാൽ താൻ അൽ നാസറിൽ ചേരുന്നുവെന്ന വാർത്ത സത്യമല്ലെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. പ്രീ-ക്വാർട്ടറിൽ സ്വിറ്റസർലാൻഡിന് എതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ ക്ലബ്ബിൽ നിന്ന് ഓഫർ വന്നിരിന്നുവെന്ന് താരം സ്ഥിരീകരിച്ചു.
അതേ സമയം ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനെതിരെ രംഗത്ത് വന്നിരുന്നു. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് വെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
Story Highlights: Cristiano ronaldo denied al nassr club news