നടപടിയുമായി ഫിഫ; അർജന്റീന നെതർലൻഡ്സ് ടീമുകൾക്കെതിരെ അന്വേഷണം

December 12, 2022

ഖത്തർ ലോകകപ്പിൽ ഇത് വരെയുള്ള മത്സരങ്ങളിൽ ഏറ്റവും ആവേശം നിറഞ്ഞതായിരുന്നു രണ്ടാം ക്വാർട്ടർ ഫൈനൽ. അർജന്റീനയും നെതർലൻഡ്‌സും തമ്മിൽ നടന്ന മത്സരത്തിന്റെ വീറും വാശിയും കളത്തിന് പുറത്തേക്കും നീണ്ടു. നിശ്ചിത സമയം അവസാനിച്ചപ്പോൾ 2-2 എന്ന നിലയിൽ നിന്നിരുന്ന ടീമുകൾക്ക് അധിക സമയത്തും ഗോളടിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഷൂട്ടൗട്ടിൽ ഓറഞ്ച് പടയെ തകർത്തെറിയുകയായിരുന്നു അർജന്റീന. 4-3 ന്റെ വിജയമാണ് മെസിയും സംഘവും സ്വന്തമാക്കിയത്. രണ്ട് തകർപ്പൻ സേവുകളുമായി അർജന്റീന ഗോളി എമി മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെൽ മൊളീന എന്നിവരുടെ ഗോളുകളിലാണ് അർജന്റീന മുന്നിലെത്തുന്നത്.

എന്നാലിപ്പോൾ ഇരുടീമുകൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. മത്സരത്തിൽ അച്ചടക്ക ലംഘനം നടന്നിട്ടുണ്ടോയെന്നാണ് ഫിഫ അന്വേഷിക്കുന്നത്. അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ അറിയിച്ചു. രണ്ടു ഫെഡറേഷനും ഏതാണ്ട് 16,000 യൂറോ പിഴയായി ലഭിച്ചേക്കും.മെസിയടക്കം 17 പേര്‍ക്ക് മത്സരത്തിൽ മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു. 48 ഫൗളുകളാണ് മത്സരത്തിൽ നടന്നത്. അർജന്റീന 18 ഫൗളുകളിൽ ഉൾപ്പെട്ടപ്പോൾ 30 ഫൗളുകളാണ് നെതർലൻഡ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായത്.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

അതേ സമയം മത്സരത്തിന് ശേഷം മെസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ആരാധകർക്ക് ആവേശമായി മാറിയിരുന്നു. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്, ഒത്തൊരുമിച്ച് പോരാടി വരും മത്സരങ്ങൾ വിജയിക്കാമെന്നാണ് അർജന്റീനയുടെ നായകൻ കൂടിയായ മെസി കുറിച്ചത്. “മുഴുവൻ ടീമും എങ്ങനെ പോരാടി എന്നത് ശ്രദ്ധേയമാണ്, ഒരിക്കൽ കൂടി ഒരുമിച്ച്, കളിക്കളത്തിൽ എങ്ങനെ കഷ്ടപ്പെടണമെന്ന് നമുക്ക് അറിയാം. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്, നമുക്ക് വരും മത്സരത്തിലേക്ക് ഒരുമിച്ച് പോകാം”- ലയണൽ മെസി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മെസിയുടെ പ്രതികരണം.

Story Highlights: Fifa opens investigation against argentina and netherlands