കാന്താരയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവും; ഉറപ്പ് നൽകി നിർമ്മാതാക്കൾ

December 22, 2022

ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഋഷഭ് ഷെട്ടിയുടെ ‘കാന്താര.’ ദൃശ്യവിസ്‌മയമൊരുക്കിയ കന്നട ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു.കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വമ്പൻ വിജയം നേടുകയായിരുന്നു.

റിലീസ് ചെയ്‌ത്‌ ഏറെ നാളുകളായെങ്കിലും ഇപ്പോഴും കാന്താര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അഭിമുഖങ്ങളിലും സിനിമ ചർച്ചകളിലുമൊക്കെ പ്രേക്ഷകരും നിരൂപകരുമൊക്കെ കാന്താരയെ വാനോളം പുകഴ്ത്തുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റി ഏറെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നെങ്കിലും ഋഷഭ് ഷെട്ടിയോ നിർമ്മാതാക്കളോ ഇതിനെ പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിരുന്നില്ല.

കാന്താരയുടെ രണ്ടാം ഭാഗത്തെ പറ്റി ആലോചിക്കുന്നുണ്ടെന്ന് നിർമ്മാതാവായ വിജയ് കിരഗണ്ടൂർ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. കാന്താരയ്ക്ക് ലഭിച്ച സ്വീകാര്യതയിലും വിജയത്തിലും വലിയ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാൻ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘സാധനം കയ്യിലുണ്ടോ’; പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി വർക്കിയും കൂട്ടരും- ഫ്ളവേഴ്സ് ഒറിജിനൽസിന്റെ പുതിയ വെബ് സീരീസ് ചിരി പടർത്തുന്നു

നേരത്തെ ബാഹുബലി, ആർആർആർ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എസ്.എസ് രാജമൗലി കാന്താരയുടെ വിജയത്തെ പറ്റി പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. വലിയ വിജയങ്ങൾ നേടാൻ നിങ്ങൾക്ക് വലിയ ബജറ്റിന്റെ ആവശ്യമില്ലെന്നും കാന്താരയുടെ വമ്പൻ വിജയം അതിനുദാഹരണമാണെന്നും പറയുകയാണ് സംവിധായകൻ. “വലിയ ബജറ്റുകൾ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാൻ കഴിയും”- ഒരു ഓൺലൈൻ ചാനലിനോട് അദ്ദേഹം തുറന്നു പറഞ്ഞു.

Story Highlights: Kanthara will have a second part according to the producer