മെസിക്കൊപ്പം കളിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് ബാഴ്‌സിലോണ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി

December 25, 2022

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് മെസിയും ലെവന്‍ഡോസ്‌കിയും. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരുടെയും ടീമുകളായ അർജന്റീനയും പോളണ്ടും ഏറ്റുമുട്ടിയപ്പോൾ വിജയം മെസിക്കൊപ്പം നിന്നു. പോളണ്ടിനെതിരെ തകർപ്പൻ വിജയമാണ് അർജന്റീന നേടിയത്. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്.

ഇപ്പോൾ വിരമിക്കുന്നതിന് മുൻപ് മെസിക്കൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലെവന്‍ഡോസ്‌കി. നിലവിൽ ബാഴ്‌സിലോണയ്ക്ക് വേണ്ടിയാണ് ലെവൻഡോസ്‌കി പന്ത് തട്ടുന്നത്. മെസി ബാഴ്‌സിലോണയിൽ നിന്ന് പോയതിന് ശേഷമാണ് ലെവന്‍ഡോസ്‌കി ടീമിലേക്കെത്തുന്നത്. മെസി തിരികെ ബാഴ്‌സയിലേക്കെത്തുമോയെന്ന ചർച്ച നടക്കുന്നതിനിടയിലാണ് ലെവൻഡോസ്‌കിയുടെ തുറന്ന് പറച്ചിൽ ഉണ്ടായെന്നതും ശ്രദ്ധേയമാണ്.

നേരത്തെ പോളണ്ടിനെതിരെയുള്ള മത്സരത്തിന് ശേഷം കൈ കൊടുക്കുന്നതിനിടയിൽ മെസിയും ലെവന്‍ഡോസ്‌കിയും പരസ്‌പരം ഒരു രഹസ്യ സംഭാഷണം നടത്തിയിരുന്നു. മത്സരത്തിൽ മെസിക്കെതിരെ ഫൗൾ ചെയ്‌തതിന് ശേഷം ലെവന്‍ഡോസ്‌കി താരത്തിന് കൈ കൊടുക്കാൻ പോയതും മെസി അത് കണ്ടില്ലെന്ന് നടിച്ചതുമൊക്കെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. അതിനാൽ തന്നെ ഇതിനെ പറ്റി എന്തെങ്കിലും ആയിരിക്കാം ഇരുവരും സംസാരിച്ചതെന്ന് ഊഹിക്കുകയായിരുന്നു ആരാധകർ.

Read More: മെസിക്ക് പെനാൽറ്റിയിൽ പിഴയ്ക്കുന്നത് എന്തുകൊണ്ട്; സ്പാനിഷ് എഴുത്തുകാരൻ്റെ നിരീക്ഷണം വീണ്ടും ശ്രദ്ധേയമാവുന്നു

എന്നാൽ പിന്നീട് ആ രഹസ്യം ലെവന്‍ഡോസ്‌കി തുറന്ന് പറഞ്ഞിരുന്നു. താങ്കള്‍ പതിവില്‍ കൂടുതൽ പ്രതിരോധത്തിലൂന്നി കളിച്ചുവെന്നാണ് താൻ മെസിയോട് പറഞ്ഞതെന്ന് ലെവന്‍ഡോസ്‌കി പറഞ്ഞു. ചിലപ്പോഴൊക്കെ ടീമിനുവേണ്ടി അങ്ങനെ കളിക്കേണ്ടിവരുമെന്നായിരുന്നു മെസിയുടെ മറുപടിയെന്നും താരം വെളിപ്പെടുത്തി. മെസിയെ ഫൗള്‍ ചെയ്യേണ്ടിവന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും പക്ഷെ ടീമിനുവേണ്ടി തനിക്കത് ചെയ്യേണ്ടിവരുമെന്നും താരം കൂട്ടിച്ചേർത്തു.

Story Highlights: Lewandowski expresses his desire to play with messi