മെസിക്ക് പെനാൽറ്റിയിൽ പിഴയ്ക്കുന്നത് എന്തുകൊണ്ട്; സ്പാനിഷ് എഴുത്തുകാരൻ്റെ നിരീക്ഷണം വീണ്ടും ശ്രദ്ധേയമാവുന്നു

December 1, 2022

ലയണൽ മെസി നയിക്കുന്ന അർജന്റീന നോക്കൗട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ പോളണ്ടിനെതിരെ തകർപ്പൻ വിജയമാണ് അർജന്റീന നേടിയത്. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം.

അതേ സമയം ഇന്നലെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മെസി പാഴാക്കിയിരുന്നു. മെസിയുടെ ദുർബലമായ കിക്ക് ഇടതുവശത്തേക്ക് ചാടി പോളിഷ് ഗോളി വോയ്റ്റിക് ഷ്റ്റെൻസ്നേ രക്ഷപ്പെടുത്തുകയായിരുന്നു. ഇതോടെ ലോകകപ്പുകളിൽ രണ്ട് പെനാൽറ്റികൾ പാഴാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മെസി സ്ഥാപിച്ചു.

Read More: “മെസ്സി അങ്ങനെ ചെയ്യുന്ന ആളല്ല..”; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ നായകൻ

മെസി പെനാൽറ്റികൾ നഷ്ടപെടുത്തുന്നതിനെ പറ്റി ഇതിന് മുൻപും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഇതിനെ പറ്റിയുള്ള സ്‌പാനിഷ്‌ എഴുത്തുകാരനായ ജോർഡി പുണ്ടിയുടെ നിരീക്ഷണമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. 2018 ൽ പുറത്തിറക്കിയ ‘മെസി: ലെസൺസ് ഇൻ സ്റ്റൈൽ’ എന്ന തൻ്റെ പുസ്തകത്തിലാണ് പുണ്ടി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.സ്കോർ ചെയ്യാൻ ഏറ്റവും എളുപ്പമായതിനാലാണ് മെസി പെനാൽറ്റികൾ പാഴാക്കുന്നതെന്നാണ് ജോർഡി പുണ്ടിയുടെ നിരീക്ഷണം. ഒരു വലിയ വെല്ലുവിളിയുടെ അഭാവം, തന്റെ മുന്നിൽ പ്രതിരോധമില്ലാതെ നിൽക്കുന്ന ഗോളി, പെനാൽറ്റി സ്‌കോർ ചെയ്യുന്ന പതിവ് സ്വഭാവം എന്നിവയെല്ലാം അദ്ദേഹത്തിന് എതിരാകുന്നു. ഫ്രീകിക്കെടുക്കുമ്പോൾ മുന്നിൽ ഒരു പ്രതിരോധ മതിലെങ്കിലുമുണ്ടാവും. പെനാൽറ്റിയെടുക്കുന്നത് ചിന്തിക്കാനുള്ള അവസരമാണ്. നിരവധി മാർഗങ്ങൾ, അനവധി ബദലുകൾ. പന്ത് വച്ച് ഗോളിയെ അഭിമുഖീകരിക്കുന്നതിനും കിക്കെടുക്കാനായി റഫറി വിസിലൂതുന്നതിനുമിടയിലുള്ള ഇടവേള അദ്ദേഹത്തിന് ഒരു പീഡനമായിരിക്കണം. ഒരുപാട് കാര്യങ്ങൾ തലയിലുണ്ടാവും. ഒരു നിമിഷാർദ്ധത്തിൽ തീരുമാനമെടുക്കുകയും അവബോധത്താൽ മാത്രം നയിക്കപ്പെടുകയും ചെയ്യുന്ന താരമാണ് അദ്ദേഹം എന്നും പുണ്ടി തൻ്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.

Story Highlights: Spanish author observation on messi missing penalties