മെസിയെ തടുക്കാൻ കഴിയുമോ, പ്രതികരിച്ച് ലൂക്ക മോഡ്രിച്ച്; അർജന്റീന-ക്രൊയേഷ്യ ആദ്യ സെമിഫൈനൽ ഇന്ന്
ഒരു മാസം നീണ്ട് നിന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങാൻ സമയമായി. മൂന്ന് മത്സരങ്ങൾക്കപ്പുറം ഫുട്ബോളിലെ ലോക ചാമ്പ്യന്മാരെ അറിയാം. ഖത്തർ ലോകകപ്പിൽ ഇനി സെമിഫൈനൽ മത്സരങ്ങളും ഫൈനലും മാത്രമാണ് അവശേഷിക്കുന്നത്. അർജന്റീന, ക്രൊയേഷ്യ, ഫ്രാൻസ്, മൊറോക്കോ എന്നീ നാല് ടീമുകളിൽ ഒരാൾ ഞായറാഴ്ച്ച ലോകകിരീടത്തിൽ മുത്തമിടും.
ഇന്ന് രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ മെസിയുടെ അർജന്റീന മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ നേരിടും. ഇരു താരങ്ങളും തങ്ങളുടെ അവസാന ലോകകപ്പിനായാണ് ഇറങ്ങിയിരിക്കുന്നത്. അത് കൊണ്ട് തന്നെ മെസിക്കും മോഡ്രിച്ചിനും വേണ്ടി ലോകകപ്പ് നേടാൻ തന്നെയാണ് അർജന്റീനയും ക്രൊയേഷ്യയും എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് ഏറ്റവും മികച്ച യാത്രയയപ്പ് നൽകാനാണ് ഇരു ടീമുകളും ആഗ്രഹിക്കുന്നത്.
ഇപ്പോൾ മെസിയെ കുറിച്ചുള്ള ചോദ്യത്തിന് മോഡ്രിച്ച് പങ്കുവെച്ച മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ”മെസിയെ പിടിച്ചുകെട്ടുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടീം ഒറ്റക്കെട്ടായി അര്‍ജന്റീനയെ മറികടക്കും”- മത്സരത്തിന് മുൻപുള്ള വാര്‍ത്താസമ്മേളനത്തില്‍ മോഡ്രിച്ച് പറഞ്ഞു.
Read More: നെയ്മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ
അതേ സമയം അർജന്റീന-നെതർലൻഡ്സ് മത്സരത്തിന് ശേഷം മെസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ആരാധകർക്ക് ആവേശമായി മാറിയിരുന്നു. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്, ഒത്തൊരുമിച്ച് പോരാടി വരും മത്സരങ്ങൾ വിജയിക്കാമെന്നാണ് അർജന്റീനയുടെ നായകൻ കൂടിയായ മെസി കുറിച്ചത്. “മുഴുവൻ ടീമും എങ്ങനെ പോരാടി എന്നത് ശ്രദ്ധേയമാണ്, ഒരിക്കൽ കൂടി ഒരുമിച്ച്, കളിക്കളത്തിൽ എങ്ങനെ കഷ്ടപ്പെടണമെന്ന് നമുക്ക് അറിയാം. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്, നമുക്ക് വരും മത്സരത്തിലേക്ക് ഒരുമിച്ച് പോകാം”- ലയണൽ മെസി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മെസിയുടെ പ്രതികരണം.
Story Highlights: Luka modric about messi